NEWS

പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകൾ 4 ദിവസം കൂടി മാത്രം; ഇതുവരെ നടന്നത് 520 വള്ളസദ്യകൾ


ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യകൾ 4 ദിവസം കൂടി മാത്രം. 16നു വള്ളസദ്യകൾ പര്യവസാനിക്കും. ഇന്നു 12, നാളെ 10, 15ന് 8,16 ന് 7 എന്നിങ്ങനെ 37 വള്ളസദ്യകൾ 4 ദിവസമായി നടക്കും. ഇതു വരെ 520 വള്ളസദ്യകൾ നടന്നു കഴിഞ്ഞു. 20 വള്ളസദ്യകൾ വിവിധ കാരണങ്ങളാൽ അടുത്ത വർഷത്തേക്കു മാറ്റി വച്ചത് ഉൾപ്പെടെ 577 വള്ളസദ്യകൾ ആണ് ഈ വർഷം ബുക്ക്‌ ചെയ്തത്. ഈ വർഷം 55 ദിവസങ്ങൾ മാത്രമാണു വള്ളസദ്യകൾ നടന്നിട്ടുള്ളത്. ഇടയ്ക്കുണ്ടായ മഴയും വെള്ളപ്പൊക്കവും കാരണം 4 ദിവസം വള്ളസദ്യകൾ നടന്നില്ല. 17 വള്ളസദ്യകൾ വരെ നടന്ന ദിവസമുണ്ട്. ഇന്നലെ നടന്ന 15 വള്ളസദ്യകളിൽ മാലക്കര, തൈമറവുംകര, മുതവഴി, ചെറുകോൽ, നെല്ലിക്കൽ, വെൺപാല, മല്ലപ്പുഴശ്ശേരി, തെക്കേമുറി കിഴക്ക്, ഓതറ, മംഗലം, മുണ്ടങ്കാവ്, ചെന്നിത്തല, ഇടശ്ശേരിമല, കോയിപ്രം, തെക്കേമുറി എന്നീ പള്ളിയോടങ്ങൾ പങ്കെടുത്തു. ഇന്നലെ നടന്ന വള്ളസദ്യയിൽ പല പ്രമുഖരും പങ്കെടുത്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ പി.കെ.കുഞ്ഞികൃഷ്ണൻ, ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയൻ സംസ്‌ഥാന പ്രോട്ടോക്കോൾ ഓഫിസർ ജി.ഹരികുമാർ, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ തുടങ്ങിയവർ പങ്കെടുത്തു. സമാപന ദിവസത്തെ ചടങ്ങുകൾ മന്ത്രി പി.സി.വിഷ്ണുനാഥ്‌ ഉദ്ഘാടനം ചെയ്യും. ഈ വർഷം ഇതിനോടകം ഒന്നര ലക്ഷം ആളുകൾ വള്ളസദ്യകളിൽ പങ്കെടുത്തു. കെഎസ്ആർടിസി നടത്തി വരുന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം പരിപാടി 16ന് അവസാനിക്കും.അടുത്ത ദിവസങ്ങളിൽ വള്ളസദ്യ. വഴിപാട് ഇല്ലാത്ത പള്ളിയോടങ്ങൾ തിരികെ വള്ളപ്പുരയിൽ കയറ്റിത്തുടങ്ങി.


Fashion ⏭️

Back to top button