NEWS
‘താടിയെല്ലിൽ’ ദളപതിപ്പോര്; വിജയിനെതിരെ ഡിഎംകെ; പരിഹാസമല്ലെന്ന് വിശദീകരണം

ചെന്നൈ ∙ തമിഴ്നാട് നിയമസഭയിൽ ഭരണപക്ഷമായ ടിവികെയും മുഖ്യപ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ നടക്കുന്ന വാക്പോരിനു കടുപ്പം കൂട്ടി, ഡിഎംകെയുടെ മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനെ മുഖ്യമന്ത്രി വിജയ് പരിഹസിച്ചെന്ന് ആരോപണം. അടിയന്തരാവസ്ഥക്കാലത്തു സ്റ്റാലിന് ഏറ്റ പരുക്കിനെ വിജയ് കളിയാക്കിയെന്ന ഡിഎംകെയുടെ ആരോപണത്തിനു പിന്നാലെ, ടിവികെയുടെ സഖ്യകക്ഷിയായ സിപിഎം അടക്കം വിമർശനവുമായി രംഗത്തെത്തി. താൻ ആരെയും പരിഹസിച്ചിട്ടില്ലെന്നും പ്രസംഗത്തിനിെട സ്വാഭാവികമായി കാണിച്ച ഒരു ആംഗ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വിജയ് വിശദീകരണം നൽകിയെങ്കിലും വിവാദം തണുത്തിട്ടില്ല.നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെ വിജയ് തന്റെ താടിയിൽ പിടിച്ചതാണ് വിവാദമായത്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിൽ സ്റ്റാലിന്റെ താടിയെല്ലിന് ഏറ്റ പരുക്കിനെയാണ് വിജയ് സൂചിപ്പിച്ചതെന്നു ഡിഎംകെ ആരോപിച്ചതോടെയാണ് വിവാദം തുടങ്ങിയത്. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചതിന് മിസ (മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട്) ചുമത്തി 1976 ൽ സ്റ്റാലിനെ അറസ്റ്റ് ചെയ്തു. മദ്രാസ് സെൻട്രൽ ജയിലിൽ കടുത്ത മർദനത്തിന് ഇരയാകേണ്ടിവന്നു. സഹതടവുകാരിൽ ചിലർ മർദനമേറ്റു മരിക്കുകയും ചെയ്തു. അവസാന വർഷ ബിരുദ പരീക്ഷ സ്റ്റാലിൻ എഴുതിയത് ജയിലിൽവച്ചാണ്. അടിയന്തരാവസ്ഥ പിൻവലിച്ച ശേഷം 1977 മാർച്ചിലാണ് ജയിൽ മോചിതനായത്. ജയിലിൽവച്ചു കൊടിയ മർദനത്തിൽ സ്റ്റാലിന്റെ താടിയെല്ലിനു പരുക്കേറ്റിരുന്നു. അതിനെയാണ് വിജയ് പരിഹസിച്ചത് എന്നാണ് ഡിഎംകെ ആരോപിച്ചത്. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിന്റെ അടയാളമായാണ് സ്റ്റാലിന്റെ പരുക്കിനെ ഡിഎംകെ കാണുന്നത്. അതാണ് വിജയ് പരിഹസിച്ചു എന്ന ആരോപണമുയർന്നപ്പോൾ ഡിഎംകെ അണികൾ പ്രകോപിതരായതും.
Fashion ⏭️


