NEWS

മുംബൈയിലെ ഷോപ്പിങ് മാളിൽ തോക്കുമായി എത്തിയ 2 പേർ പിടിയിൽ; പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധമില്ല


മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു സമീപമുള്ള ഷോപ്പിങ് മാളിൽ തോക്കുമായി ബലമായി പ്രവേശിക്കാൻ ശ്രമിച്ച 2 പേർ പിടിയിലായി. എന്നാൽ, അറസ്റ്റിനു മോദിയുടെ സന്ദർശനവുമായി ബന്ധമില്ലെന്നു പൊലീസ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ വേദിയിൽ നിന്ന് തോക്കുധാരിയെ പിടികൂടിയെന്നാണായിരുന്നു ആദ്യ പ്രചാരണം. പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥനാണെന്ന് ഒരാൾ അവകാശപ്പെട്ടെന്നും ഇയാളുടെ കയ്യിൽ തോക്കുണ്ടായിരുന്നെന്നും പറഞ്ഞെങ്കിലും പിന്നീടു പൊലീസ് തിരുത്തി.ബാന്ദ്ര–കുർള കോംപ്ലക്സ് ജിയോ വേൾഡ് പ്ലാസയിലെ ഷോപ്പിങ് മാളിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയാണ് റോഹൽ പരേഖ് (24), ദിലിപ് രാജാ കുന്ദേ (49) എന്നിവരെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞത്. എന്നാൽ, ഉന്നത സർക്കാർ ഉദ്യോഗസ്ഥരാണെന്ന തിരിച്ചറിയൽ കാർഡ് കാണിച്ച ശേഷം ഇരുവരും ബലമായി അകത്തു കടക്കുകയായിരുന്നു. ആൾമാറാട്ടം, മാരകായുധവുമായി പ്രവേശിച്ചു എന്നീ കുറ്റങ്ങൾക്കാണു കേസെടുത്തത്. തോക്കിനു ലൈസൻസ് ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കസ്റ്റഡിയിൽ വിട്ടു.


Fashion ⏭️

Back to top button