മെസിയുടെ പേരിലെ തട്ടിപ്പ്: മൊഴിയെടുപ്പ് തുടങ്ങാൻ എസ്.ഐ.ടി

തിരുവനന്തപുരം: മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ മൊഴിയെടുപ്പ് തുടങ്ങാൻ എസ്.ഐ.ടി. കായിക വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയാവും ആദ്യം രേഖപ്പെടുത്തുക. മുൻ കായിക മന്ത്രി വി.അബ്ദുറഹിമാൻ, പ്രൈവറ്റ് സെക്രട്ടറി സി.സത്യപാലൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.
കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിൽ നിന്ന് എസ്.ഐ.ടി ഉദ്യോഗസ്ഥർ രേഖകൾ ശേഖരിച്ചിരുന്നു. ഇവയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ ശേഷമാവും മൊഴിയെടുക്കൽ. അധികമായി വേണ്ട രേഖകളുടെ പട്ടിക കായിക വകുപ്പിന് കൈമാറും. ഇ-മെയിലുകളടക്കമുള്ള രേഖകളാണ് ആവശ്യപ്പെടുക. എ.ഡി.ജി.പി പി.വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം.സ്വകാര്യ സ്പോൺസറെ തിരഞ്ഞെടുത്ത നടപടികൾ, സർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, ഒഴിവാക്കലുകൾ, പൊതു ആസ്തികളുടെ ഉപയോഗം എന്നിവ അനുവദിച്ച സാഹചര്യം എന്നിവയുടെ രേഖകൾക്കായാണ് എസ്.ഐ.ടി കത്ത് നൽകിയത്.


