NEWS
‘ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിൽ മർദിച്ചു, നഗ്നനാക്കി ജനനേന്ദ്രിയത്തിൽ പലക കൊണ്ട് അടിച്ചു’: പൊലീസ് ക്രൂരത വെളിപ്പെടുത്തി സുജിത്

കൊച്ചി ∙ ‘‘ദേഹം നിറയെ വേദനയാണ്. എന്നാൽ കാണിച്ചു തരാൻ പാടുകളൊന്നുമില്ല. ശ്വാസം വലിക്കുമ്പോൾ നെഞ്ചിനുള്ളിൽ വേദനയാണ്. പുറത്ത് ഇടിച്ചതിന്റെ വേദന വേറെയും. കിടക്കുമ്പോൾ പിടിച്ചുകൊണ്ടല്ലാതെ തിരിയാൻ പോലും പറ്റില്ല. ഷോൾഡറിന്റെ ജോയിന്റിലൊക്കെ ഇടിച്ചു. കുറച്ചുനേരം കൈ തൂക്കിയിടുമ്പോൾ വേദനയെടുക്കും. അധികനേരം ഒരേ പൊസിഷനിൽ ഇരിക്കാൻ പറ്റില്ല. മരിച്ചു പോകുന്ന ഒരു അവസ്ഥയിലായിരുന്നു ഞാൻ. കൂട്ടുകാരൊക്കെ കൂടെ നിന്നതുകൊണ്ട് പരാതി കൊടുത്തു. ശാരീരികമായി മാത്രമല്ല, മാനസികമായും അത്ര വിഷമിച്ചുപോയി’’ – പൊലീസ് മർദനത്തിന്റെ നടുക്കുന്ന വിശദാംശങ്ങൾ സുജിത് ജയൻ (32) പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. മുൻ അധ്യാപകനും വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറുമായ ആലുവ ശ്രീമൂലനഗരം സ്വദേശി സുജിത്തിനെ ക്രൂരമായി മർദിച്ച കേസിൽ എസ്ഐമാരടക്കം 4 പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഐമാരായ അജ്മൽ, കെ.വി.നിസാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രജിത് രാജൻ, സിവിൽ പൊലീസ് ഓഫിസർ കെ.ആർ.ധനേഷ് എന്നിവര്‍ക്കാണ് സസ്പെൻഷൻ. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റെയ്ഞ്ച് ഡിഐജി ജി.എച്ച്.യതീഷ്ചന്ദ്രയാണ് സസ്പെൻഷൻ പ്രഖ്യാപിച്ചത്. ‘‘സ്റ്റേഷനിൽ എത്തിയ ശേഷം ക്യാമറയില്ലാത്ത മുറിയിലേക്ക് കൊണ്ടുപോയി കാലു രണ്ടും അകത്തി നിർത്തി കൈ രണ്ടും മുകളിലേക്ക് ഉയർത്തിപ്പിടിപ്പിച്ചു. തുടർന്ന് നിസാർ, അജിത് എന്നീ പൊലീസുകാർ കാലിൽ ചവിട്ടിപ്പിടിക്കുകയും ജനനേന്ദ്രിയത്തിൽ ഷൂ ധരിച്ച കാലുകൾ കൊണ്ട് ശക്തിയായി തൊഴിക്കുകയും ചെയ്തു. തുടർന്ന് എഴുന്നേൽക്കാൻ പറ്റാതിരുന്ന എന്നെ പൊലീസുകാർ രണ്ടുപേർ കൂടി പിടിച്ചെഴുന്നേൽപ്പിച്ചു വീണ്ടും പുറത്തും മുതുകിലും മുട്ടുകൈ കൊണ്ട് പലതവണ മർദിച്ചു. ധനേഷ് എന്ന പൊലീസുകാരൻ അമ്മയെ ചേർത്ത് തെറിവിളിച്ചു. പേരും വീടും ജാതിയും ചോദിക്കുകയും അത് പറഞ്ഞ കൂട്ടത്തിൽ എസ്.സി വിഭാഗത്തിൽ പെട്ട ആളാണെന്നു പറഞ്ഞപ്പോൾ തന്നെ ആറു തവണ മുഖത്തു കൈ കൊണ്ട് ശക്തിയായി അടിച്ചു. ശേഷം ചുവരിൽ മുഖം ചേർത്ത് നിർത്തി മുതുകിൽ 8 തവണ ശക്തിയായി മർദിച്ചു. തുടർന്ന് മുഖത്ത് മർദിക്കുകയും കൈകൾ ഉയർത്തി മേലാസകലം മർദിക്കുകയും ചെയ്തു.
Fashion ⏭️


