NEWS

ആദ്യം പ്രാർത്ഥന, പിന്നെ സ്വയം തൃപ്തിപ്പെടുത്തൽ, ഒടുവിൽ മോഷണം; ഒരു മുൻ കള്ളന്റെ തുറന്നുപറച്ചിൽ

പ്രതീകാത്മക ചിത്രം

കള്ളൻ… സമൂഹത്തിലെ വെറുക്കപ്പെട്ടവരിൽ ഒരാൾ. ഒരിക്കൽ ആ പേര് ചാർത്തിക്കിട്ടിയാൽ പിന്നീടൊരിക്കലും മാറില്ല. എല്ലാം മതിയാക്കി സാധാരണക്കാരനായി ജീവിച്ചാലും പഴയതൊന്നും അത്രപെട്ടെന്ന് ആരും മറക്കില്ല. തലമുറകളോളം ആ പേര് വേട്ടയാടപ്പെട്ടുകൊണ്ടിരിക്കും. അതുംപേറി ജീവിക്കാനായിരിക്കും വിധി. ചെറുപ്പത്തിലെ ദുശ്ശീലങ്ങൾക്ക് കാശൊപ്പിക്കാനായി ചെറുകിട മോഷണങ്ങളിൽ തുടങ്ങി ഒടുവിൽ തീരെ ചെറുതല്ലാത്ത കള്ളനായി മാറിയ ഒരാൾ കേരളകൗമുദി ഓൺലൈനോട് മനസുതുറക്കുകയാണ്. വർഷങ്ങളായി മോഷണം മതിയാക്കി സ്വദേശത്തുനിന്ന് ഏറെ ദൂരെ കൂലിവേലചെയ്താണ് വാർദ്ധക്യത്തിലേക്കെത്തിയ അയാൾ ഇപ്പോൾ ജീവിക്കുന്നത്. ഒരുകാരണവശാലും ആർക്കുമുന്നിലും പേരോ മറ്റുവിവരങ്ങളോ വെളിപ്പെടുത്തില്ല എന്ന ഉറപ്പിന്മേലാണ് എല്ലാം തുറന്നുപറയാൻ അയാൾ തയ്യാറായത്. ഭാര്യയും വിട്ടുമാറാത്ത രോഗങ്ങളും മാത്രമാണ് ഇപ്പോഴത്തെ അയാളുടെ കൂട്ട്.

അങ്ങനെ കള്ളനായി

രക്തത്തിൽ ആ സ്വഭാവം അലിഞ്ഞുചേർന്നതുകൊണ്ടായിരിക്കാം ഞാൻ കള്ളനായത്. അതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. സ്കൂളിൽ പഠിക്കുമ്പോൾ ചെറിയ ചില മോശം ശീലങ്ങളൊക്കെയുണ്ടായിരുന്നു. അതിന് പണം കണ്ടത്താനാണ് അല്ലറ ചില്ലറ മോഷണത്തിലേക്ക് കടന്നത്. തേങ്ങ, വാഴക്കുല, കൊക്കോപ്പഴം തുടങ്ങിയവയായിരുന്നു എടുത്തിരുന്നത്. അവ ചന്തയിൽകൊണ്ട് വിൽക്കും. ആ കാശുതീരുംവരെ മോഷ്ടിക്കില്ല. ഇത്തിരി വലിയ മോഷണങ്ങൾ ചെയ്തപ്പോഴും ആ ശീലം തുടർന്നു. മറ്റുള്ളവരുടെ മുതലല്ലേ, ആവശ്യത്തിനുളളതുമാത്രമേ എടുക്കൂ.

സ്വർണം വേണ്ട, പണം മാത്രം

ചെറിയ മോഷണങ്ങളിൽ തു‌ടങ്ങി എപ്പഴോ ഇത്തിരി വലിയ മോഷണങ്ങളിലേക്ക് കടന്നു. അന്ന് ആൾക്കാരുടെ പക്കലൊന്നും അത്രയധികം സ്വർണം ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽത്തന്നെ അതൊന്നും എടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. സ്വർണം വിൽക്കുന്നത് ഏറെ കഷ്ടപ്പാട് നിറഞ്ഞതാണ്. പണമാകുമ്പോൾ ആ പ്രശ്നമേ ഇല്ല. അതുകൊണ്ടാണ് പണം മാത്രമാണ് എടുത്തിരുന്നത്. കയറുന്ന വീട്ടിൽ കുറച്ചധികം പണമുണ്ടെങ്കിലും അതിൽ കുറച്ചുമാത്രമേ- ആവശ്യത്തിനുള്ളത്- എടുത്തിട്ടുള്ളൂ. ഇല്ലെങ്കിൽ വീട്ടുകാർ അറുത്തുമുറിച്ച് പ്രാകും. അത്തരത്തിൽ പ്രാകിയിട്ടില്ലെങ്കിലും പണം പോയ വീട്ടുകാരുടെ ചെറിയ പ്രാക്ക് കിട്ടിയതുകൊണ്ടായിരിക്കാം ഒറ്റയ്ക്ക് നടക്കാൻപോലും കഴിയാത്ത അവസ്ഥയിൽ ചുമച്ചും വിറച്ചും ഇന്ന് ജീവിക്കേണ്ടിവരുന്നത്.

ബെസ്റ്റ് ഹോംവർക്ക് വേണം

വീടുകളിൽ കയറിയുള്ള മോഷണം വളരെക്കുറച്ചേ ചെയ്തിട്ടുള്ളൂ. ഒരിക്കൽ പിടിക്കപ്പെട്ടതോടെ എല്ലാത്തരത്തിലുള്ള മോഷണവും മതിയാക്കി. കൂലിവേല ചെയ്ത് ജീവിക്കാൻ തീരുമാനിച്ചത് അന്നുമുതലാണ്. യുവാവായിരുന്ന കാലത്താണ് വീടുകളിൽ കയറിയിരുന്നത്. യോജിച്ച വീട് കണ്ടുവയ്ക്കും. പിന്നെ ആ വീടിനെക്കുറിച്ച് വ്യക്തമായി മനസിലാക്കും. അതിടെ എത്രപേരുണ്ട്, അത് ഏത് പ്രായത്തിലുള്ളവർ, എത്രമണിക്ക് ഉറങ്ങും അങ്ങനെ എല്ലാം. ഇക്കാര്യങ്ങളെല്ലാം വ്യക്തമായി മനസിലാക്കിയാലേ ‘ജോലി’ ചെയ്യൂ.രോഗികൾ ഉള്ള വീട്ടിൽ ഒരിക്കലും കയറാറില്ല. അവർ ഉറങ്ങുന്നതിനും ഉണരുന്നതിലും സ്ഥിരതില്ല എന്നതുതന്നെ കാരണം.

പുലർച്ചെയാണ് ‘ജോലിക്ക്’ അനുയോജ്യം

‘ ഏറ്റവും നല്ല സമയം. ഒരുമണിക്കും മൂന്നമണിക്കും ഇടയിൽ എല്ലാവരും ഒന്നുമറിയാത്ത നല്ല ഉറക്കത്തിലായിരിക്കും. ആരുടെയും ശ്രദ്ധയിൽപ്പെടാതെ കാര്യം നടത്തിയ സുഖമായി രക്ഷപ്പെടാം. മോഷണത്തിന് ഇറങ്ങുംമുമ്പ് പ്രാർത്ഥിക്കാറുണ്ട്. അതിൽ ഒരു മുടക്കവും വരുത്താറില്ല. പിന്നെ ഒന്നുകൂടി ചെയ്യും- സ്വയം ഭോഗം.

മോഷണത്തിനായി കയറിയ പല വീടുകളിലും സ്ത്രീകളും യുവതികളുമൊക്കെ ഒന്നുമറിയാത്ത ഉറക്കത്തിലായിരിക്കും. വസ്ത്രങ്ങളുടെ സ്ഥാനവും മാറിയിരിക്കും. അരണ്ട വെളിച്ചത്തിലായാലും ഇതുകാണുമ്പോൾ മനസിൽ വേണ്ടാത്ത ചിന്തകൾ പൊന്തിവരും. അതിന് വശപ്പെട്ടാൽ പിടിക്കപ്പെടാൻ സാദ്ധ്യത ഏറെയാണ്. അത്തരം ചിന്തകൾ തോന്നാതിരിക്കാണ് ജോലി തുടങ്ങുംമുമ്പ് സ്വയംഭോഗം ചെയ്യുന്നത്.

ഭയന്നതുപോലൊന്നും ഉണ്ടായില്ല

വീടുകയറി നടത്തിയിട്ടുള്ളത് പത്തിൽ താഴെ മോഷണങ്ങളാണ്. എല്ലാത്തിലും കൂടി കിട്ടിയിട്ടുള്ളത് അയ്യായിരത്തിൽ താഴെ രൂപയും. ഒരുതവണ പിടിക്കപ്പെട്ടു. അതും ചെറിയൊരു അശ്രദ്ധകൊണ്ട്. മോഷണം കഴിഞ്ഞിറങ്ങുമ്പോൾ ഒരു നിലവിളക്ക് ഇരിക്കുന്നതുകണ്ടു. മറ്റൊന്നും ആലചോചിക്കാതെ അതും എടുത്തു. പുറത്തിറങ്ങിയശേഷം അവിടെ ഒളിപ്പിച്ചിരുന്ന സഞ്ചിയിൽ മോഷണസാധനങ്ങൾ ഇട്ടു. പക്ഷേ നിലവിളക്കിൽ എണ്ണയുണ്ടായിരുന്നത് ശ്രദ്ധിച്ചില്ല. സഞ്ചിനനഞ്ഞ് എണ്ണ പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. പിന്നാലെ വന്ന ചിലർക്ക് സംശയം. അവർ തടഞ്ഞുനിറുത്തി പരിശോധിച്ചു. മോഷണമുതലാണെന്ന് ഉറപ്പിച്ചതോടെ പൊലീസിലേൽപ്പിച്ചു.

ഇടിയും നഖത്തിനിടയിൽ മൊട്ടുസൂചി കയറ്റലും പ്രതീക്ഷിച്ചായിരുന്നു പൊലീസ് സ്റ്റേഷനിലേക്ക് ചെന്നത്. ജീവിതത്തിൽ ആദ്യത്തെ പൊലീസ് സ്റ്റേഷനിൽ കയറ്റമായിരുന്നു അത്. മുഖമടച്ചൊരെണ്ണം കിട്ടിയെങ്കിലും പ്രതീക്ഷിച്ചപോലൊന്നുമുണ്ടായില്ല. ജയിലായെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ടില്ല. അതോടെ മോഷണം എന്നെന്നേക്കുമായി മതിയാക്കി. ഇനി ഒരിക്കലും ഈ തൊഴിൽ ചെയ്യില്ലെന്ന് പൊലീസുകാരുടെ മുന്നിൽവച്ചുതന്നെ പ്രതിജ്ഞയെടുത്തു. അത് അക്ഷരംപ്രതി ഇപ്പോഴും നടപ്പാക്കുന്നു. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും കള്ളനെന്ന വിളി വിടാതെ പിന്തുടർന്നതോടെ ഭാര്യയെയും കൂട്ടി ദൂരെ മറ്റൊരിടത്തേക്ക് പോയത്. ഭാര്യയാണ് നല്ലവഴിയിൽ നിന്ന് മാറി നടക്കാതിരക്കാൻ എന്നെ എപ്പോഴും പ്രേരിപ്പിക്കുന്നത്.

വേഷത്തിലല്ല കാര്യം

ജോലിയുടെ എളുപ്പത്തിനുവേണ്ടി അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷണത്തിന് കയറുന്നത്. ട്രസർ രൂപത്തിലുള്ളയായിരുന്നു അത്. മുണ്ടും ഷർട്ടും മോഷണമുതൽ കൊണ്ടുപോകാനുള്ള സഞ്ചിയും വീടിനുവെളിയിൽ ഒളിപ്പിക്കും. പുറത്തിറങ്ങി വസ്ത്രങ്ങൾ ധരിച്ച് കൂളായി നടന്നുപോകും. ഒറ്റയ്ക്കല്ലാതെ മോഷണം നടത്തിയിട്ടില്ല. അക്കാലത്തെ കുപ്രസിദ്ധരായ ചിലരുമായി പരിചയമുണ്ടായിരുന്നെങ്കിലും അവരുമായി ഒരു രഹസ്യവും പങ്കുവച്ചിട്ടില്ല. ഇപ്പോൾ അവരൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. കാലം എത്രമാറിയാലും കള്ളൻ എന്നാൽ കള്ളൻതന്നെ. അതിനാൽ ആ പേരുവരാതെ ജീവിക്കുക. ഒരിക്കലും അന്യന്റെ മുതൽ ആഗ്രഹിക്കാതിരിക്കുക എന്ന ഉപദേശമേ എനിക്ക് തരാനുള്ളൂ.
RELATED TOPICS: FORMER THIEF CONFESSION, EX THIEF REVELATION, THIEF CONFESSION MALAYALAM, കള്ളന്റെ തുറന്നുപറച്ചിൽ, മുൻ കള്ളൻ

Read News ⏭️

Back to top button