NEWS
മകളെ കാണാൻ കൊച്ചിയിലെത്തി; പോക്കറ്റ് കീറി കള്ളൻ അടിച്ചെടുത്തത് നാലര ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ

കൊച്ചി∙ വയോധികന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന െമാബൈൽ ഫോണും ട്രൗസറിന്റെ പോക്കറ്റിൽ കിടന്ന സ്വർണാഭരണങ്ങളും ഒരേ സമയം അടിച്ചുമാറ്റി പോക്കറ്റടിക്കാർ. മലപ്പുറം ബി.പി. അങ്ങാടി പുതുപ്പള്ളി ഗണപതി പറമ്പിൽ പ്രകാശനാണ് (67) നാലര ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളും മൊബൈലും കൊച്ചിയിൽ വച്ച് നഷ്ടമായത്. പാലാരിവട്ടത്തെ സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന മകളെ കാണാനായി വീട്ടിലേക്കു വരുന്ന വഴിയായിരുന്നു സംഭവം. പരാതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുവെന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണെന്നും എറണാകുളം നോർത്ത് പൊലീസ് അറിയിച്ചു.ഓഗസ്റ്റ് 30 ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പ്രകാശൻ ട്രെയിൻ മാർഗം എറണാകുളം നോർത്ത് സ്റ്റേഷനിലിറങ്ങിയത്. തുടർന്ന് ടൗൺഹാൾ മെട്രോ സ്റ്റേഷന്റെ അടുത്തുനിന്നു മകൾ താമസിക്കുന്ന കാക്കനാട്ടേക്കുള്ള ബസിൽ കയറി. ബസിൽ വച്ച് ടിക്കറ്റെടുക്കാൻ പണം തപ്പിയപ്പോഴാണ് ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 5,000 രൂപ വിലയുള്ള മൊബൈൽ ഫോണും കൈവശമുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ധരിച്ചിരുന്ന ട്രൗസറിന്റെ പോക്കറ്റ് ബ്ലേഡ് പോലെ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കീറിയ നിലയിൽ കണ്ടെത്തി.
Fashion ⏭️


