NEWS

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഇടപാടുകാർക്ക് എതിരെയും കേസെടുക്കാം; നിർണായക ഉത്തരവുമായി ഹൈക്കോടതി


കൊച്ചി ∙ അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗിക ആവശ്യങ്ങൾക്കായി എത്തുന്ന ഇടപാടുകാർക്ക് എതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി. ഇവിടെ എത്തുന്നവരെ വ്യഭിചാര പ്രവർത്തനങ്ങളുടെ ഭാഗമായി കണക്കാക്കാം. 1956ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) നിയമത്തിലെ 5, 7 വകുപ്പുകൾ പ്രകാരം അവർക്കെതിരെ കേസ് എടുക്കാമെന്നും ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.മുനമ്പം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയായ ചാവക്കാട് സ്വദേശി നൗഷാദ് സമർപ്പിച്ച ഹർജിയിലാണ് ഈ നിർണായക ഉത്തരവ്. ലോഡ്ജിൽ വച്ച് ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപിച്ച് നൗഷാദ് ഉൾപ്പെടെയുള്ളവർക്കെതിരെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) നിയമത്തിലെ 3, 4, 5 വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. എന്നാൽ താൻ വെറുമൊരു ‘ഇടപാടുകാരൻ’ മാത്രമാണെന്നും അതിനാൽ ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ നിയമ പ്രകാരമുള്ള കുറ്റങ്ങൾ തനിക്കെതിരെ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാൻ ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.വാണിജ്യ അടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും തടയുകയാണ് ഈ നിയമത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും ഇടപാടുകാരെ കുറ്റവിമുക്തരാക്കിയാൽ നിയമത്തിന്റെ മൂല്യം ഇല്ലാതാകുമെന്നും കോടതി വ്യക്തമാക്കി. തുടർന്ന്, ഇടപാടുകാർക്ക് ഒഴിവാകാനാകില്ലെന്ന മാത്യു, അഭിജിത്ത്, ശരത് ചന്ദ്രൻ കേസുകളിലെ നിയമ വ്യാഖ്യാനമാണ് ശരിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇടപാടുകാരെ ഒഴിവാക്കിയിരുന്ന പഴയ ഉത്തരവുകൾ റദ്ദാക്കി.


Fashion ⏭️

Back to top button