NEWS
ഇരുട്ടടി: മിന്നൽപ്രളയം; 14 വൈദ്യുത പ്ലാന്റുകൾ തകർന്നു

കഠ്മണ്ഡു ∙ നേപ്പാളിനെ വിറപ്പിച്ച മിന്നൽപ്രളയം ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലേക്കുള്ള വൈദ്യുതിവിതരണത്തെ ബാധിക്കുമെന്ന് ആശങ്ക. ബുധനാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ ത്രിശൂലി നദിയിലേതടക്കം 13 ജലവൈദ്യുത പ്ലാന്റുകൾ പൂർണമായോ ഭാഗികമായോ തകർന്നു. ഒരു സോളർ പ്ലാന്റിന്റെയും പ്രവർത്തനം നിലച്ചു. പ്രതിദിനം 359 മെഗാവാട്ട് വൈദ്യുതോൽപാദനശേഷി ഉണ്ടായിരുന്ന പ്ലാന്റുകളാണിവ.ഇന്ത്യയും ബംഗ്ലദേശും നേപ്പാളിൽനിന്നു വൈദ്യുതി വാങ്ങുന്നുണ്ട്. ത്രിശൂലി നദിയിലെ പല വൈദ്യുതപദ്ധതികളും ഇന്ത്യയുടെ സാമ്പത്തികസഹായത്തോടെയാണു പൂർത്തിയാക്കിയത്. പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയ്ക്കുള്ള വൈദ്യുതിയുടെ അളവ് 800 മെഗാവാട്ടിൽനിന്നു 400 മെഗാവാട്ടായി നേപ്പാൾ വെട്ടിക്കുറച്ചു. ഇന്ത്യയ്ക്കു വൈദ്യുതി നൽകിയിരുന്ന ദേവ്ഘട്ടിലെ 14 മെഗാവാട്ട് ജലവൈദ്യുത പ്ലാന്റ് പൂർണമായി തകർന്ന നിലയിലാണ്.ജലവൈദ്യുതപദ്ധതി ടണലുകളിൽ ഉൾപ്പെടെ ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്. ടണലുകളിൽ മണ്ണു നിറഞ്ഞതോടെയാണ് ഇവരെ രക്ഷിക്കാൻ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലെ വിദഗ്ധരുടെ സഹായം തേടിയത്. നിയന്ത്രിത സ്ഫോടനം നടത്തി ടണൽ പൊട്ടിച്ച് പരിശോധന നടത്തിയെന്നും ഏതാനും പേരെ രക്ഷിച്ചെന്നുമാണു വിവരം. രക്ഷാദൗത്യത്തിനായി ഇന്ത്യയിൽനിന്ന് 22 കരസേനാംഗങ്ങൾകൂടി നേപ്പാളിലെത്തി.
Fashion ⏭️


