NEWS
മടിയൻ മൾട്ടിബാഗർ ചുമക്കും! ചാൾസ് ഡാർവിൻ പുലക് പ്രസാദിനെ പഠിപ്പിച്ച ഓഹരിപാഠങ്ങൾ

‘ജോക്കി ഓർ നതിങ്’ എന്നതാണ് അടിയുടുപ്പു വിപണിയിലെ രാജാക്കൻമാരായ ജോക്കിയുടെ പരസ്യവാചകം. എന്നാൽ ‘ ജോക്കി ആൻഡ് എവരിതിങ് ‘ എന്ന് അവകാശപ്പെടാവുന്നൊരു നിക്ഷേപകനുണ്ട്: പുലക് പ്രസാദ്. ജോക്കി ബ്രാൻഡിന്റെ ഇന്ത്യൻ നിർമാതാക്കളായ പേജ് ഇൻഡസ്ട്രീസ് 2007ലാണ് ഓഹരിവിപണിയിലെത്തിയത്. തൊട്ടടുത്ത വർഷം പുലകിന്റെ നാളന്ദ ക്യാപ്പിറ്റൽ അതിൽ നിക്ഷേപം നടത്തി. ഓഹരിയൊന്നിന് ഏകദേശം 455 രൂപ നിലവാരത്തിലായിരുന്നു തുടക്കം. 35 കോടിക്കു സ്വന്തമാക്കിയത് 7.97 ശതമാനം. മികച്ച ROCE (വിനിയോഗിച്ച മൂലധനത്തിന്മേലുള്ള ആദായം) നിലനിർത്തിയ, വില തീരുമാനിക്കാൻ കരുത്തുള്ള ആ ബിസിനസിനെ, ഓഹരിവില ഉയർന്നപ്പോഴും അദ്ദേഹം വിറ്റൊഴിവാക്കിയില്ല. വർഷങ്ങൾക്കു ശേഷം 54,349 രൂപയിലേക്ക് ഓഹരിവില വളർന്നു. അസാധാരണമായ നേട്ടമാണ് പേജ് ഇൻഡസ്ട്രീസ് നൽകിയത്. വിപണിയിലെ ദിവസേനയുള്ള ബഹളങ്ങളിൽ പെടാതെ, ശാന്തമായി കാത്തിരിക്കുന്ന ഒരു ‘മടിയൻ നിക്ഷേപകന്’ ലോകത്തെ ഏഴാമത്തെ അത്ഭുതമായ കോംപൗണ്ടിങ് സമ്മാനിക്കുന്ന നേട്ടത്തിനുള്ള ഏറ്റവും മികച്ച തെളിവാണിത്. പുലകിന്റെ ആപ്തവാക്യങ്ങളിലൊന്നു തന്നെ ‘ Don’t be lazy-be very lazy’ എന്നതാണ്. അതെ, ‘വെറും മടിയനാകാതെ, കുഴിമടിയനാകുക’ എന്നതുതന്നെ.പരമ്പരാഗത വാൾസ്ട്രീറ്റ് സാമ്പത്തിക സിദ്ധാന്തങ്ങൾക്കു പകരം, ചാൾസ് ഡാർവിന്റെ പരിണാമ ജീവശാസ്ത്രത്തിലേക്ക് ഉറ്റുനോക്കുകയും നിക്ഷേപ തത്വങ്ങൾ രൂപപ്പെടുത്തുകയുമാണ് പുലകിന്റെ രീതി. ‘വാട്ട് ഐ ലേൺഡ് എബൗട്ട് ഇൻവെസ്റ്റിങ് ഫ്രം ഡാർവിൻ’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഈ അപൂർവ കാഴ്ചപ്പാടുകളുടെ സമാഹാരമാണ്.
Fashion ⏭️


