NEWS
എൽഡിഎഫ് സർക്കാരിന്റെ കായിക ഉച്ചകോടി: വാഗ്ദാനം 5025 കോടി; കിട്ടിയത് വട്ടപ്പൂജ്യം

തിരുവനന്തപുരം ∙ കോടികളുടെ നിക്ഷേപവും 10,000 പേർക്ക് തൊഴിലവസരവും ലഭ്യമാക്കുമെന്ന് അവകാശപ്പെട്ട് 2024 ൽ എൽഡിഎഫ് സർക്കാർ സംഘടിപ്പിച്ച കായിക ഉച്ചകോടി വെറും വാഗ്ദാന തട്ടിപ്പ്. കായികവകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര സ്പോർട്സ് സമ്മിറ്റ് കേരളയിലൂടെ (ഐഎസ്എസ്കെ) സംസ്ഥാനത്തെ കായികമേഖലയിൽ 4500 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് അന്നത്തെ കായികമന്ത്രി വി.അബ്ദുറഹിമാൻ പ്രഖ്യാപിച്ചപ്പോൾ, 5025 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചെന്നു സർക്കാർ രേഖയിൽ പറയുന്നു. എന്നാൽ, കണക്കുകളെല്ലാം വ്യാജമാണെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത സ്ഥാപനങ്ങൾ വെളിപ്പെടുത്തുന്നു.സ്പോൺസർഷിപ് തേടി ഉച്ചകോടിയിൽ പങ്കെടുത്ത കായിക അക്കാദമികളുടെ പ്രോജക്ടുകളെ നിക്ഷേപമായി പരിഗണിച്ചാണു മുൻ കായികമന്ത്രി കണക്കുണ്ടാക്കിയതെന്നാണു വിവരം. രണ്ടര വർഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങളിൽ ഒന്നുപോലും യാഥാർഥ്യമായതുമില്ല.സ്വപ്നപദ്ധതിയായ ഫുട്ബോൾ കോംപ്ലക്സിന് സാമ്പത്തിക പിന്തുണ തേടി മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ.വിനീത് കായിക ഉച്ചകോടിയിലെത്തിയിരുന്നു. ബാസ്കറ്റ്ബോൾ അക്കാദമിക്ക് സർക്കാർ സഹായം തേടി അർജുന അവാർഡ് ജേതാവ് ഗീതു അന്ന ജോസും പങ്കെടുത്തു. വിനീതിന്റെയും ഗീതുവിന്റെയും പ്രോജക്ടുകൾക്ക് 300 കോടി രൂപ വീതം നിക്ഷേപവാഗ്ദാനം ലഭിച്ചെന്നു കായികവകുപ്പിന്റെ ഔദ്യോഗിക രേഖകളിൽ പറയുമ്പോൾ, ഒരു വാഗ്ദാനവും ലഭിച്ചിട്ടില്ലെന്ന് ഇരുവരും വെളിപ്പെടുത്തുന്നു.
Fashion ⏭️


