NEWS

‘പൗരർ സംശയനിഴലിൽ’; ജനങ്ങളെ തിരക്കിലാക്കി സർക്കാർ രക്ഷപ്പെടുന്നെന്ന് ജി.കെ.പിള്ള


രാജ്യത്തെ സാഹചര്യങ്ങളെയും കേന്ദ്രത്തിലെ ഭരണത്തിന്റെ സ്വഭാവത്തെയും സൂക്ഷ്മമായി വിശകലനം ചെയ്യാറുണ്ട് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള. ‘ഞാൻ വ്യക്തിപരമായി ആരെയും ആക്രമിക്കാറില്ല. പ്രധാനമന്ത്രി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, പക്ഷേ നോട്ട് നിരോധനമോ ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷമോ തെറ്റാണെങ്കിൽ ഞാൻ അതു പറയും. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഇടം ഇനിയും നഷ്ടപ്പെട്ടിട്ടില്ല. ഹിന്ദുവായതിനാലാവാം, ഞാൻ ആക്രമിക്കപ്പെടുന്നില്ല’ – മലയാള മനോരമയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ ജി.കെ.പിള്ള പറഞ്ഞു. ∙ മദ്രാസ് ഐഐടിയിൽ പഠിച്ചിട്ടാണ് താങ്കൾ സിവിൽ സർവീസിലേക്കു വന്നത്. വിദ്യാഭ്യാസ രംഗമുൾപ്പെടെ രാജ്യത്തെ നിലവിലെ സ്ഥിതി എങ്ങനെ വിലയിരുത്തുന്നു? പൊതുവായ സാഹചര്യം അത്ര പോസിറ്റിവ് അല്ല. തൊഴിലില്ലായ്മയ്ക്കൊപ്പം, വിദ്യാഭ്യാസരംഗം താറുമാറായിരിക്കുന്നു. നമ്മളിപ്പോൾ സാങ്കേതിക വിപ്ളവത്തിന്റെ കാലത്താണ് – ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വരവോടെയെന്നു പറയാനാവില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പ്രയോഗം 1950കൾ മുതലേയുള്ളതാണ്. ഇപ്പോൾ ആ മേഖല ഏറെ മുന്നോട്ടുവന്നു, മെഷീൻ ലേണിങ്ങിൽ വലിയ വികസനം ഉണ്ടായിരിക്കുന്നു. അടുത്ത 5–10 വർഷത്തിൽ ഗവേഷണത്തിലും ശാസ്ത്രത്തിലും സാങ്കേതികവിദ്യകളിലും വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം.എന്നാൽ, അവിടെയും നമ്മൾ അവസരം നഷ്ടപ്പെടുത്തി എന്നു തോന്നുന്നു. ഗവേഷണ–വികസന (ആർ ആൻഡ് ഡി) മേഖലയിൽ ലോകത്തിലെ മുൻനിര രാജ്യങ്ങൾ 2.5% മുതൽ 4% വരെ മുതൽ മുടക്കുമ്പോൾ ഇന്ത്യയുടേത് വെറും 0.6% ശതമാനമാണ്. മുടക്കുമുതലിന്റെ ഫലം കണ്ടുതുടങ്ങണമെങ്കിൽ 10–20 വർഷമെടുക്കും. അപ്പോൾ, നമ്മൾ ഏതാണ്ട് രണ്ടു ദശകങ്ങൾ പിന്നിലാണ്. കഴിഞ്ഞ വർഷമാണ് നമ്മൾ റിസർച്ച് ആൻഡ് ഇന്നവേഷൻ ഫണ്ടായി 100,000 കോടി രൂപ പ്രഖ്യാപിച്ചത്. ഒരു വർഷം കഴിഞ്ഞിട്ടും 2,900 കോടി മാത്രമാണ് ചെലവാക്കിയിട്ടുള്ളത്. വികസിത് ഭാരത് 2047നെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെങ്കിൽ അടുത്ത 20 വർഷത്തേക്ക് ഒാരോ വർഷവും ഗവേഷണ–വികസന മേഖലയിലെ മുതൽമുടക്ക് മൂന്നിരട്ടിയോ നാലിരട്ടിയോ ആയി വർധിക്കണം. അതിന്റെ ലക്ഷണങ്ങളൊന്നും ഞാൻ ഇതുവരെ കാണുന്നില്ല. ∙ ചില സ്ഥാപനങ്ങൾ ഒറ്റപ്പെട്ട മുന്നേറ്റം നടത്തുന്നുണ്ട്? അമേരിക്കയിൽ ഒരു മാസം മുൻപു പ്രഖ്യാപിച്ച സയൻസ് മാജിക് പ്രോജക്റ്റ് ശ്രദ്ധിക്കുക. അവിടെ അവർ ഓട്ടണമസ് റിസർച്ച് ലാബുകൾ സ്ഥാപിക്കുകയാണ്. പൂർണമായും എഐയിലൂടെയാണ് ലാബ് പ്രവർത്തിക്കുന്നത്. നിങ്ങൾ ചെയ്യേണ്ടത് ഒരു ആശയവുമായി വരിക എന്നതു മാത്രമാണ്. നിങ്ങളുടെ അനുമാനങ്ങൾ എന്താണെന്നോ, രസതന്ത്രത്തിൽ എ, ബി, സി എന്നിവ ചേർത്താൽ എന്തു സംഭവിക്കും എന്നോ ചോദിച്ചാൽ മതി. ആ ലാബിലേക്ക് ഒരു മെയിൽ അയച്ചാൽ, നിങ്ങളുടെ ആശയം പ്രവർത്തിക്കുമോ ഇല്ലയോ, അത് ശരിയാണോ തെറ്റാണോ എന്ന് അവർ പറയും. അതുവഴി ഗവേഷണത്തിന്റെ വേഗം വലിയ തോതിൽ വർധിക്കും. 2026 ൽ മറ്റു രാജ്യങ്ങൾ അതാണു ചെയ്യുന്നത്. നമ്മൾ അതിന്റെയൊന്നും അയലത്തില്ല. നമ്മൾ ഇപ്പോഴും ചെറിയ കാര്യങ്ങൾക്കായി ധാരാളം സമയം കളയുന്നു.എന്റെ ഭാര്യയുടെ അച്ഛൻ ലഹോറിലും അമ്മ നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രവിശ്യയിലെ ദേറ ഇസ്മായിൽ ഖാനിലുമാണ് ജനിച്ചത്. ഈ വിവരങ്ങൾ സർക്കാരിനു ലഭിച്ചതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? എന്റെ ഭാര്യ ഇന്ത്യയിൽ 70 വർഷം പൂർത്തിയാക്കിക്കഴിഞ്ഞു. അതിനും 40 വർഷം മുൻപ്മ്പ് അവരുടെ മാതാപിതാക്കൾ അവിടെ ജനിച്ചു എന്നതിന് എന്തു പ്രസക്തി?


Fashion ⏭️

Back to top button