NEWS
അനുമതികളില്ല; ആനക്കട്ടിയിലെ 8 റിസോർട്ടുകൾ പൂട്ടാൻ കലക്ടർക്ക് ഹൈക്കോടതി നിർദേശം

കോയമ്പത്തൂർ ∙ കേരള – തമിഴ്നാട് അതിർത്തിപ്രദേശമായ ആനക്കട്ടിയിലെ 8 റിസോർട്ടുകൾ അടച്ചു പൂട്ടാൻ മദ്രാസ് ഹൈക്കോടതി ജില്ലാ കലക്ടർക്ക് ഉത്തരവു നൽകി. ആനക്കട്ടിക്കു സമീപമുള്ള നമ്പർ 24 വീരപാണ്ടി ഗ്രാമത്തിൽ ആസൂത്രണ അനുമതിയടക്കം ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകൾ പൂട്ടാനാണ് കോയമ്പത്തൂർ ജില്ലാ കലക്ടർ പവൻകുമാർ ജി.ഗിരിയപ്പനവർക്ക് ഹൈക്കോടതി നിർദേശം നൽകിയത്. ഇതു കൂടാതെ രണ്ടു റിസോർട്ടുകൾക്ക് പഞ്ചായത്ത് നൽകിയ അനുമതികൾ പുനഃപരിശോധിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. അനുമതികളിൽ ലംഘനങ്ങളോ ക്രമക്കേടുകളോ ഉണ്ടായിട്ടുണ്ടോ എന്നു കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇനി സെപ്റ്റംബർ 18നു വീണ്ടും പരിഗണിക്കും.കലക്ടറുടെ അധ്യക്ഷതയിൽ കോടതി രൂപീകരിച്ച, ഫോറസ്റ്റ് റേഞ്ച് ഓഫിസർ, കോയമ്പത്തൂർ നോർത്ത് തഹസിൽദാർ, പെരിയനായ്ക്കൻപാളയം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസർ എന്നിവരടങ്ങുന്ന കമ്മിറ്റി അടുത്ത വാദത്തിൽ ഈ എട്ടു റിസോർട്ടുകൾ പൂട്ടിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കും. ഈ പ്രദേശത്ത് മറ്റു റിസോർട്ടുകളൊന്നും പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടുതൽ പരിശോധനകൾ നടത്താനും കമ്മിറ്റിയോട് കോടതി നിർദേശിച്ചു.
Fashion ⏭️


