NEWS

സൈക്കോളജിസ്റ്റിനെ പറ്റിച്ചത് ആറ് വിരലുള്ള ഡീപ് ഫേക്ക് നഴ്സ്; തട്ടിയെടുത്തത് വൻതുക


ക്വീൻസ്‌ലൻഡ് ∙ ഓസ്ട്രേലിയയിലെ 70 വയസ്സുള്ള സൈക്കോളജിസ്റ്റിനെ കബളിപ്പിച്ച് ഓൺലൈൻ തട്ടിപ്പുകാർ വൻതുക തട്ടിയെടുത്തു. ദക്ഷിണാഫ്രിക്കയിലെ ഒരു നഴ്സിന്റെ ഡീപ് ഫേക്ക് വിഡിയോ ഉപയോഗിച്ചാണ് തുക തട്ടിയെടുത്തത്. മെലാനിയെ ഡേറ്റിങ് ആപ്പിലൂടെയാണ് സൈക്കോളജിസ്റ്റായ മൈക്കിൾ കണ്ടെത്തിയത്. ഒരു വർഷത്തോളം മെലാനിയുമായുള്ള പ്രണയം മൈക്കിൾ തുടർന്നിരുന്നു. തുടക്കത്തിൽ മൈക്കിൾ സംശയിച്ചപ്പോൾ പാസ്പോർട് രേഖകൾ, ഫോട്ടോകൾ തുടങ്ങിയവ അയച്ചുകൊടുത്താണ്  മെലാനിയ വിശ്വാസ്യത നേടിയെടുത്തത്. ഒടുവിൽ വലിയ തുക മൈക്കിൾ അയച്ചുകൊടുക്കുകയായിരുന്നു. പണം അയക്കുമ്പോൾ ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സൗഹൃദത്തിന്റെ ആവേശത്തിൽ അതിനൊന്നും മൈക്കിൾ ചെവികൊടുത്തിരുന്നില്ല. ഒടുവിൽ മെലാനിയ തട്ടിപ്പുകാരുടെ സൃഷ്ടിയാണെന്ന് മനസ്സിലായപ്പോൾ മൈക്കിൾ ഏറെ വൈകിപ്പോയി. മെലാനിയ ഡീപ് ഫേക്കായിരുന്നു എന്നു മൈക്കിളിനു മനസ്സിലാക്കി നൽകാൻ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഡിജിറ്റൽ ഫോറൻസിക്‌സിലെ സ്പെഷ്യലിസ്റ്റായ ഡോ. പ്രിയങ്ക സിങ്ങിനു കുറച്ചു മിനിറ്റുകൾ മാത്രമാണ് വേണ്ടിവന്നത്. മെലാനിയുടെ വിഡിയോ വിശകലനം ചെയ്തപ്പോൾ വിഡിയോയിലെ സ്ത്രീയുടെ കമ്മലുകൾ തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നു. സ്ത്രീ ഇരിക്കുന്ന കസേരയുടെ ആകൃതി ഇടയ്ക്കിടെ മാറുന്നതും കാണാനായി. ഇതിലേറെ കൗതുകം വിഡിയോയുടെ ഇടയിൽ മെലാനി കൈകൊണ്ടു മുഖം തടവുമ്പോൾ അവർക്ക് ആറ് വിരലുകൾ ഉണ്ടായിരുന്നു എന്നതാണ്. വോയ്‌സ് ക്ലോണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിനൊപ്പം ഫെയ്‌സ് സ്വാപ്പിങ് വിദ്യയും സംയോജിപ്പിച്ചു. 


Fashion ⏭️

Back to top button