NEWS

അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അടച്ചുപൂട്ടും: രേഖാമൂലം ഉറപ്പുലഭിച്ചതായി സമരസമിതി; കേസുകൾ റദ്ദാക്കാനും ധാരണ


കോഴിക്കോട് ∙ താമരശ്ശേരി അമ്പായത്തോട്ടിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റ് 2027 മാർച്ച് മാസത്തോടെ അടച്ചുപൂട്ടാൻ ധാരണ. കമ്പനി അധികൃതർ ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം ഉറപ്പുനൽകിയതായി സമരസമിതി നേതാക്കൾ അറിയിച്ചു. ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തി പ്ലാന്റ് മാറ്റി സ്ഥാപിക്കാനാണ് ഉടമകളുമായുള്ള ചർച്ചയിൽ ധാരണയായതെന്ന് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ മനോരമ ഓൺലൈനോട് പറഞ്ഞു. കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നേരത്തെ ധാരണയായെങ്കിലും നാലായിരത്തോളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തിൽ രേഖാമൂലം ഉറപ്പു ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളളു എന്ന നിലപാടിലായിരുന്നു സമരസമിതി.2027 മാർച്ച് 31ന് മുൻപായി നിലവിലെ പ്ലാന്റിന്റെ പ്രവർത്തനം നിർത്താനാണ് ഇക്കഴിഞ്ഞ  ചൊവ്വാഴ്ച കമ്പനി അധികൃതരുമായി നടത്തിയ ചർച്ചകൾ പ്രകാരം കരാർ ആയതെന്ന് അദ്ദേഹം പറഞ്ഞു. ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം കമ്പനിയിൽ നിലവിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ ഓഗസ്റ്റ് 27 മുതൽ പ്ലാന്റ് താൽക്കാലികമായി പ്രവർത്തിക്കും. എന്നാൽ പ്രതിദിനം 25 ടൺ മാലിന്യം മാത്രമാകും ഇവിടെ സംസ്കരിക്കുക. ഇത്തരത്തിൽ മാലിന്യം സംസ്കരിക്കുമ്പോൾ ദുർഗന്ധമുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കമ്പനി ഉടമകൾ ഉറപ്പു നൽകിയിട്ടുണ്ട്. ഇത് ലംഘിക്കപ്പെട്ടാൽ ധാരണയിൽ നിന്ന് പിൻമാറുമെന്ന് സമരസമിതി അറിയിച്ചതായും ബാബു കുടുക്കിൽ പറഞ്ഞു.കഴിഞ്ഞ വർഷം ഒക്ടോബർ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുന്നതിനിടെ ചിലർ പ്ലാന്റിനു തീവയ്ക്കുകയും ഫ്രഷ്കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്കു നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ റൂറൽ എസ്പി ഉൾപ്പെടെ ഒട്ടേറെ പൊലീസുകാർക്കു പരുക്കേറ്റിരുന്നു. 2019 മുതലാണ് പ്ലാന്റ് താമരശ്ശേരി അമ്പായത്തോട്ടിൽ പ്രവർത്തനം തുടങ്ങിയത്.


Fashion ⏭️

Back to top button