SPORTS

ഫോളോ ഓണിലും സോനലിന് സെഞ്ചറി, സമനില പൊരുതിപ്പിടിച്ച് ശ്രീലങ്ക, കളി കൈവിട്ട് ഇന്ത്യ


കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കു സമനില. രണ്ടാം ഇന്നിങ്സിൽ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക അവസാന ദിവസം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തുനിൽക്കെ, ഇരു ടീമുകളും സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ മത്സരം വിജയിച്ച ഇന്ത്യ 1–0ന് പരമ്പര സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിലും സെഞ്ചറി തികച്ച ശ്രീലങ്കൻ മധ്യനിര താരം സോനൽ ദിനുഷയാണ് ഇന്ത്യയുടെ വിജയ സാധ്യതകൾ ഇല്ലാതാക്കിയത്. 264 പന്തുകളിൽനിന്ന് രണ്ടു സിക്സുകളും എട്ടു ഫോറുകളും ബൗണ്ടറി കടത്തിയ സോനൽ, 133 റൺസുമായി പുറത്താകാതെനിന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി സ്പിന്നർമാരായ മാനവ് സുത്താറും രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, സരാൻഷ് ജെയിൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 503 റൺസടിച്ച് ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറേലും സെഞ്ചറി നേടിയതോടെയാണ് ഇന്ത്യ മികച്ച സ്കോറിലേക്കെത്തിയത്. 193 പന്തുകൾ നേരിട്ട ദേവ്ദത്ത് പടിക്കല്‍ 117 റൺസാണ് ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കിയത്. 177 പന്തുകളിൽനിന്ന് ധ്രുവ് ജുറേൽ 115 റൺസും കണ്ടെത്തി. ഋഷഭ് പന്ത് (89 പന്തിൽ 63), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (108 പന്തിൽ 50) എന്നിവർ അര്‍ധ സെഞ്ചറി തികച്ചു. ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ നാലു വിക്കറ്റുകൾ വീഴ്ത്തി.മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തില്‍ ശ്രീലങ്കയെ ഫോളോ ഓണിന് അയച്ച ഇന്ത്യയ്ക്ക് കണക്കുകൂട്ടലുകൾ തെറ്റി. മൂന്നു റൺസെടുത്ത ഓപ്പണർ ലഹിരു ഉദാര തുടക്കത്തിൽ തന്നെ വീണെങ്കിലും പസിന്ധു സൂരിയബന്ധാര (173 പന്തിൽ 92), കമിന്ദു മെൻഡിസ് (92 പന്തിൽ 55), കമില്‍ മിഷാര (39 പന്തിൽ 32) എന്നിവരുടെ ചെറുത്തിനിൽപ് നാലാം ദിനം ലങ്കയ്ക്കു രക്ഷയായി. അഞ്ചാം ദിനം തുടർച്ചയായ രണ്ടാം ഇന്നിങ്സിലും സോനല്‍ ദിനുഷ സെഞ്ചറിയുമായി തിളങ്ങിയതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷകളും അവസാനിപ്പിച്ചു.


Auto ⏭️

Back to top button