NEWS

മറൈൻ എൻഫോഴ്സ്മെന്റ് കെട്ടിവലിച്ചു കൊണ്ടുവന്ന മത്സ്യബന്ധന ബോട്ടിന്റെ വടം പൊട്ടി കരയിലേക്ക് ഇടിച്ചുകയറി


കൊല്ലം ∙ ഗിയർ തകരാറിലായതിനെ തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് കെട്ടി വലിച്ചു കൊണ്ടു വന്ന മത്സ്യബന്ധന ബോട്ടിന്റെ വടം പൊട്ടി കരയിലേക്ക് ഇടിച്ചു കയറി. ബോട്ടിലുണ്ടായിരുന്ന സ്രാങ്കും 12 തൊഴിലാളികളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണിൽ പുതഞ്ഞു പോയ ബോട്ട് നീക്കാനുള്ള നടപടികൾ ഒന്നും ആയില്ല. നീണ്ടകര പുത്തൻതുറ ഇലവും വീട്ടിൽ ഐ.ജഗേഷിന്റെ കൈരളി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒന്നരയോടെ ശക്തികുളങ്ങര ഹാർബറിന് സമീപത്താണ് അപകടം.  മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടാണ് തകരാറിലായ കൈരളി ബോട്ടിനെ അഞ്ചു തെങ്ങിൽ നിന്ന് കെട്ടി വലിച്ചു കൊണ്ടു വന്നത്. ഹാർബറിന് അടുത്തേക്ക് എത്തിയപ്പോഴേക്കും മറൈൻ എൻഫോഴ്സമെന്റിന്റെ ബോട്ട് തിരമാലയിൽപ്പെട്ട് ദിശമാറി നീങ്ങി. പെട്ടെന്ന് വെട്ടിച്ച് തിരിക്കവെ കൈരളി ബോട്ടുമായി ബന്ധിപ്പിച്ച വടം പൊട്ടി. ഇതോടെ കൈരളി ബോട്ട് ദിശതെറ്റി ശക്തമായ തിരമാലയ്ക്ക് ഒപ്പം ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോസ് ദേവാലയത്തിന് സമീപത്തെ തീരത്തേക്ക് ഒഴുകി പാറയിലും മണൽ തിട്ടയിലുമായി ഇടിച്ചു നിൽക്കുകയായിരുന്നു.  ബോട്ടിന്റെ ഒരു ഭാഗം ചെരിഞ്ഞു. ഇതിലൂടെ മണ്ണും വെള്ളവും ബോട്ടിനുള്ളിലേക്ക് കയറി. കള്ളക്കടൽ പ്രതിഭാസം ഉള്ളതിനാൽ ശക്തമായ തിരമാലയുണ്ട്. എത്രയും വേഗം ബോട്ട് ഇവിടെ നിന്ന് നീക്കിയില്ലെങ്കിൽ ബോട്ട് പൂർണമായും തകരും.  ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സമെന്റ്, കോസ്റ്റൽ പൊലീസ് എന്നിവർ ഇന്നലെ ഉച്ചയോടെ സ്ഥലത്ത് എത്തിയെങ്കിലും ബോട്ട് മാറ്റാനുള്ള നടപടികൾ ഒന്നും ആയില്ല.ശനി പുലർച്ചെ 3നാണ് ശക്തികുളങ്ങര ഹാർബറിൽ നിന്ന് കൈരളി ബോട്ട് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. വൈകിട്ട് മൂന്നോടെ അഞ്ചുതെങ്ങ് ഭാഗത്തു വച്ചാണ് തകരാറിലായത്. ഉടൻ സ്രാങ്ക് വെള്ളിമൺ സ്വദേശി എം.മണികണ്ഠൻ ഉടമയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് വിഴിഞ്ഞത്തുള്ള കോസ്റ്റ് ഗാർഡനെ അറിയിച്ചു. അവർ അപ്പോൾ തന്നെ ബോട്ട് കിടന്ന ഭാഗത്ത് എത്തി തകാർ എന്താണെന്ന് കണ്ടെത്തി. പരിഹരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കെട്ടിവലിച്ചു കൊണ്ടു പോകുകയെ നിവർത്തിയുള്ളു എന്ന് അറിയിച്ചു. അതിനിടെ രാത്രി ഏഴോടെ വിവരം അറിഞ്ഞ ഉടമ മന്ത്രി ഷിബു ബേബി ജോണുമായി ബന്ധപ്പെട്ടു. പിന്നീട് മറൈൻ എൻഫോഴ്സമെന്റ് അധികൃതർ ഞായർ വൈകിട്ടോടെ അഞ്ചുതെങ്ങ് ഭാഗത്ത് ബോട്ടുമായി എത്തുകയും അവിടെ നിന്ന് തകരാറിലായ ബോട്ട് രാത്രി കെട്ടി വലിച്ചു കൊണ്ടു വരികയായിരുന്നു.


Fashion ⏭️

Back to top button