NEWS
ഒറ്റത്തിരഞ്ഞെടുപ്പ്: നേരത്തേ ലക്ഷ്യമിട്ടത് 2034ൽ നടപ്പാക്കാൻ; കുറുക്കുവഴി തേടി കേന്ദ്രസർക്കാർ

ന്യൂഡൽഹി ∙ എൻഡിഎ അധികാരത്തിലുള്ള 22 സംസ്ഥാന–കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താൻ ആലോചന. ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ പദ്ധതി നടപ്പാക്കാനുള്ള ബില്ലുകൾ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) റിപ്പോർട്ട് കൈമാറാൻ ഇനിയും സമയമെടുക്കും. ഇതിനിടെയാണു കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. ബിൽ പാർലമെന്റിൽ പാസാക്കിയാൽ 2034ലെ പൊതുതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്താനായിരുന്നു പദ്ധതി. ഇതിന് 15 ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടെയുള്ള നിയമപരിഷ്കാരങ്ങൾ ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഇതു വെല്ലുവിളിയാകും. എന്നാൽ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭകൾ കാലാവധി തീരുന്നതിനു മുൻപേ പിരിച്ചുവിടുന്നതു വെല്ലുവിളിയാകില്ലെന്നാണു കണക്കുകൂട്ടൽ.ഈ 22 സംസ്ഥാനങ്ങളിൽ 11 എണ്ണത്തിൽ 2 വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടക്കേണ്ടതാണ്. ഇവിടെ വീണ്ടും അധികാരത്തിൽ വന്നാൽ 2029ൽ നിയമസഭ പിരിച്ചുവിടാനാണു നീക്കം. അരുണാചൽ പ്രദേശ്, ആന്ധ്രപ്രദേശ്, സിക്കിം, ഒഡീഷ എന്നിവിടങ്ങളിൽ 2029ലെ പൊതു തിരഞ്ഞെടുപ്പിന്റെ സമയത്തു തന്നെയാണു നിയമസഭാ തിരഞ്ഞെടുപ്പ്. ബാക്കി 7 സംസ്ഥാനങ്ങളിൽ 2029നു ശേഷമാണു കാലാവധി കഴിയുന്നത്. ഇവിടങ്ങളിലും നിയമസഭ നേരത്തേ പിരിച്ചുവിടാനാണു നീക്കം.ബിജെപി എംപി പി.പി.ചൗധരിയുടെ നേതൃത്വത്തിലുള്ള ജെപിസി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യദിനത്തിനു മുൻപാണു റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
Fashion ⏭️


