NEWS

എൽ.ഡി.എഫ് യോഗം: പങ്കെടുക്കുന്നത് സി.പി.ഐ നേതൃയോഗം തീരുമാനിക്കും

തിരുവനന്തപുരം: ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ ശൈലിക്കെതിരെ സി.പി.ഐ കടുത്ത നിലപാടിലേക്ക്. സെപ്തംബർ 10ന് ചേരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുക്കണോ എന്നതടക്കം തീരുമാനിക്കും. നിലവിലെ സാഹചര്യം പരിഗണിച്ച് യോഗം പത്തിന് മുമ്പേ ചേരാനും ആലോചനയുണ്ട്. അടുത്ത മാസമാണ് എൽ.ഡി.എഫ് യോഗം. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയെന്ന നിലയിൽ മുന്നോട്ട് പോകേണ്ടെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ടെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം നേതാക്കൾ. ഉപനേതാവ് വിഷയത്തിൽ ഉഭയകക്ഷി ചർച്ച നടക്കുന്നതിനാലാണ് എൽ.ഡി.എഫ് യോഗം ചേരാമെന്ന് സമ്മതിച്ചതെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ നിലപാട്. ചർച്ച നടക്കുന്നതിനാൽ മുന്നണി യോഗത്തിലും സി.പി.ഐ ആവശ്യം ഉന്നയിച്ചില്ല. ചർച്ച നടന്നുകൊണ്ടിരിക്കെ, സി.പി.ഐയെ അധിക്ഷേപിക്കുന്ന തരത്തിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവനയെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു. പിണറായി വിജയന്റെ ശൈലി അംഗീകരിക്കില്ലെന്ന നിലപാടിലാണ് സി.പി.ഐ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് കാരണം പിണറായി വിജയന്റെ ശൈലിയാണ്. വലിയ പരാജയമുണ്ടായിട്ടും പിണറായിയുടെ ശൈലിയിൽ മാറ്റമുണ്ടായിട്ടില്ല. നിയമസഭയിൽ പ്രത്യേക ബ്‌ളോക്കായി ഇരിക്കുക, എൽ.ഡി.എഫ് യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുക എന്നിവയ്ക്ക് പുറമെ പ്രാദേശിക തലം മുതൽ എൽ.ഡി.എഫുമായി തത്കാലം സഹകരിക്കേണ്ടതില്ല എന്ന ആലോചനയും നേതൃതലത്തിൽ സജീവമാണ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐ ആവശ്യപ്പെട്ടതാണ്. എല്ലാ സ്ഥാനവും ഒരു പാർട്ടി ഏറ്റെടുക്കുന്നത് മുന്നണി സംവിധാനത്തിന് യോജിച്ചതല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

Read News ⏭️

Back to top button