NEWS
അന്വേഷണത്തിനു മുൻപ് ലക്ഷ്യം പ്രഖ്യാപിക്കുന്നത് ഇ.ഡിയുടെ രീതി; നേതാക്കളെ വിട്ടുകൊടുക്കില്ല: എം.വി ഗോവിന്ദൻ

കോഴിക്കോട് ∙ അന്വേഷണത്തിനു മുൻപ് ലക്ഷ്യം പ്രഖ്യാപിക്കുന്നതാണ് ഇ.ഡിയുടെ രീതിയെന്നും തങ്ങളുടെ നേതാക്കളെ വിട്ടുകൊടുക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇ.ഡിയുടെ രാഷ്ട്രീയം വിശദീകരിക്കാൻ സിപിഎം കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളെ ഭയപ്പെടുത്താമെന്ന ധാരണ ഇ.ഡിക്കും മാധ്യമങ്ങൾക്കും വേണ്ട. എല്ലാ കടന്നാക്രമണങ്ങളെയും നേരിട്ടാണ് സിപിഎം വളർന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.അറസ്റ്റ് ചെയ്യുന്നവരെ സംശയത്തിന്റെ പുകമറയിൽ നിർത്തുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡി കേസ് അന്വേഷിക്കുന്നത്. ഇതിനായി അന്വേഷണത്തിനു മുൻപേ ലക്ഷ്യം പ്രഖ്യാപിക്കുന്ന രീതിയാണ് ഇ.ഡിക്കുള്ളത്. ബിജെപിക്കാരാണെങ്കിൽ കേസില്ലെന്നതാണ് ഇ.ഡിയുടെ നിലപാട്. ഇ.ഡി കൈകാര്യം ചെയ്യുന്ന കേസുകളിൽ 95 ശതമാനവും ബിജെപി ഇതര രാഷ്ട്രീയക്കാർക്കെതിരെയാണ്.അന്വേഷണം നടത്തിയതിനു പിന്നാലെ ഇ.ഡി എന്തോ കണ്ടെത്തി എന്ന മട്ടിൽ പത്രക്കുറിപ്പ് ഇറക്കുന്നത് വിചിത്രമാണ്. അന്വേഷണ ഏജൻസി എന്തെങ്കിലും കണ്ടെത്തിയാൽ അത് കോടതിയിലാണ് എത്തിക്കേണ്ടത്. സിപിഎം നേതാവ് മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയിട്ട് ഒന്നും കിട്ടിയിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Fashion ⏭️


