SPORTS

പ്രഭാതിന്റെ സ്പിൻ കെണി: ഇരട്ടസെഞ്ചറിയില്ലാതെ വീണ് പടിക്കൽ, രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടം; കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇന്ത്യ


ഗോൾ (ശ്രീലങ്ക) ∙ മഴ രസംകൊല്ലിയായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടം. ഇടവിട്ട് പെയ്ത മഴയെ തുടർന്ന് ഉച്ചയ്ക്കു ശേഷമാണ് കളി തുടങ്ങാനായത്. രണ്ടാം സെഷൻ കളി നിർത്തുമ്പോൾ 5ന് 364 എന്ന നിലയിലാണ് ഇന്ത്യ. സെഞ്ചറി നേടിയ ദേവ്‌ദത്ത് പടിക്കൽ (230 പന്തിൽ 167), ഋഷഭ് പന്ത് (62 പന്തിൽ 39), പരുക്ക് മാറി ബാറ്റിങ്ങിനെത്തിയ കെ.എൽ.രാഹുൽ (175 പന്തിൽ 82) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്നു നഷ്ടമായത്. ചായയ്ക്കു പിരിയുമ്പോൾ ധ്രുവ് ജുറേൽ (24 പന്തിൽ 19*), രവീന്ദ്ര ജ‍ഡേജ (11 പന്തിൽ 4*) എന്നിവരാണ് ക്രീസിൽ. അരമണിക്കൂർ അധികം അനുവദിച്ചതിനാൽ 5.45 വരെയാണ് രണ്ടാം ദിനത്തിലെ കളി.ദേവ്‌ദത്ത് അതിവേഗം റൺസ് കണ്ടെത്തിയെങ്കിലും ഒടുവിൽ പ്രഭാത് ജയസൂര്യയുടെ സ്പിൻകെണിക്ക് മുന്നിൽ വീഴുകയായിരുന്നു. പ്രഭാതിന്റെ പന്തിൽ ക്രീസിൽനിന്ന് ഇറങ്ങി കളിക്കാൻ ശ്രമിച്ച പടിക്കലിനെ വിക്കറ്റ് കീപ്പർ നിരോഷൻ‌ ഡിക്‌വെല്ല സ്റ്റംപ് ചെയ്യുകയായിരുന്നു. തുടർന്ന് ആറാം വിക്കറ്റിൽ ഒന്നിച്ച ജുറേൽ– ജ‍ഡേജ സഖ്യം വിക്കറ്റ് നഷ്ടമില്ലാതെ സെക്ഷൻ പൂർത്തിയാക്കുകയായിരുന്നു.∙ പടനയിച്ച് പടിക്കൽ! രണ്ടാം സെഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി മഴ വില്ലനായെത്തി. ഒന്നരമണിക്കൂറോളം മത്സരം തടസ്സപ്പെട്ടു. മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോൾ സ്കോറിങ്ങിന്റെ വേഗം കുറച്ച് ശ്രദ്ധയോടെ ബാറ്റ് വീശിയ ദേവ്ദത്ത്, രാഹുലുമായി ചേർന്ന് 150 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. അതിൽ 84 റൺസും ദേവ്ദത്തിന്റെ ബാറ്റിൽനിന്നായിരുന്നു. മറുവശത്ത് ക്ഷമയോടെ ബാറ്റ് വീശിയ രാഹുൽ 127 പന്തിലാണ് അർധ സെഞ്ചറി കുറിച്ചത്. ഇതിനിടെ പേശീവലിവ് അനുഭവപ്പെട്ട രാഹുൽ റിട്ടയേഡ് ഹർട്ടായി മടങ്ങി. പിന്നാലെ ശുഭ്മൻ ഗില്ലുമായി (16) ചേർന്ന് ദേവ്ദത്ത് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 62–ാം ഓവറിൽ ലങ്കൻ സ്പിന്നർ പ്രഭാത് ജയസൂര്യയുടെ പന്തിൽ ബൗണ്ടറി നേ‍ടാൻ ശ്രമിച്ച ഗില്ലിന് പിഴച്ചു. ടൈമിങ് തെറ്റിയ ഷോട്ട് അവസാനിച്ചത് ലഹിരു ഉദാരയുടെ കയ്യിൽ. തുടർന്ന് ക്രീസിലെത്തിയ ഋഷഭ് പന്തിനൊപ്പം ചേർന്നാണ് ദേവ്ദത്ത് ഇന്ത്യൻ സ്കോർ 288ൽ എത്തിച്ചത്.


Auto ⏭️

Back to top button