രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് : പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡുചെയ്യും, നിർദ്ദേശം നൽകി മന്ത്രി

രാജേഷ്, രാജേഷിന്റെ ഭാര്യയും മകനും
തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ കെ പി പോളിനെ സസ്പെൻഡുചെയ്യും. ഇതുസംബന്ധിച്ച് റവന്യൂമന്ത്രി എപി അനിൽകുമാർ ലാൻഡ് റവന്യൂ കമ്മിഷണർക്ക് നിർദ്ദേശം നൽകി. ഉടൻതന്നെ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനന്തര നടപടി സ്വീകരിച്ചത്. മൃതദേഹം കൊണ്ടുപോയതിൽ വലിയ വീഴ്ചയുണ്ടായെന്ന് പ്രാഥമിക നിഗമനം ഇന്നലെത്തന്നെ ജില്ലാ ഭരണകൂടത്തിനുണ്ടായിരുന്നു. ഇതിനിടെ രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ തഹസീൽദാർ പണം ആവശ്യപ്പെട്ടെന്ന വിവരവും പുറുത്തുവന്നു.വിവാദമായതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. ഇതുസംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് കണ്ണൂർ കളക്ടർ ഇന്നുച്ചയ്ക്ക് റവന്യൂ മന്ത്രിക്ക് നൽകിയിരുന്നു. തഹസിൽദാറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും കൃത്യവിലോപം കാട്ടിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
നാലുദിവസം പുഴയിൽ കിടന്ന് ചീർത്ത മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരത്തേക്കയച്ചത് പ്ളാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞായിരുന്നു. എംബാം ചെയ്തിരുന്നില്ല. സാധാരണ ആംബുലൻസാണ് മൃതദേഹം തിരുവനപുരത്തെത്തിക്കാൻ ഉപയോഗിച്ചത്. വീട്ടിലെത്തിച്ചാൽ മൃതദേഹം തുറന്നുകാണിക്കരുതെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശവും നൽകിയിരുന്നു.
ദുർഗന്ധം അസഹ്യമായതോടെ ആംബുലൻസ് തൃശൂർ ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് മുന്നിൽ നിറുത്തി. തുടർന്ന് മൃതദേഹം ഫ്രീസർ സൗകര്യമുള്ളതിലേക്ക് ഡ്രൈവർമാർ മാറ്റുകയായിരുന്നു. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയം ചർച്ചയായത്.
കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് രാജേഷ് ദുരന്തത്തിൽപ്പെട്ടത്. മൃതശരീരം കണ്ടെത്താനായത് ചൊവ്വാഴ്ചയും. തുരുത്തിൽ അകപ്പെട്ടയാളെ കുത്തിയൊഴുകിയ പുഴ നീന്തിക്കടന്ന് സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി രക്ഷിച്ചു. പക്ഷേ, തിരിച്ചു നീന്തവേ കയറിൽ നിന്ന് രാജേഷിന്റെ പിടിവിട്ടുപോയി. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ റെപ്പലിംഗ് ഇൻസ്ട്രക്ടറായിരുന്നു. രക്ഷാപ്രവർത്തനത്തിന് സ്വയം ഇറങ്ങുകയായിരുന്നു.
English Summary
The Payyanur Tahsildar will be suspended following a directive from the Revenue Minister, triggered by a collector’s report. The report confirmed grave negligence and dereliction of duty in handling the body of Rajesh, a Thiruvananthapuram native who died during a rescue operation. His body was improperly transported without freezer facilities, causing controversy and prompting an official inquiry.
RELATED TOPICS: RAJESH BODY DISRESPECT, PAYYANNUR TAHSILDAR, RAJESH DEATH CASE, PAYYANNUR NEWS, TAHSILDAR SUSPENSION KERALA
Read News ⏭️


