NEWS

‘അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിക്കണം’; സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ അന്വേഷണം


മുംബൈ ∙ പ്രസിദ്ധമായ സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പിൽ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഈ കാലയളവിൽ ശേഖരിച്ച തുകയിൽ എന്തുകൊണ്ടാണ് വലിയ മാറ്റങ്ങൾ സംഭവിച്ചതെന്ന് കണ്ടെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ ഫഡ്‌നാവിസിനെ കണ്ട് 2023 മുതൽ 2026 വരെയുള്ള ക്ഷേത്രത്തിന്റെ സംഭാവന വിവരങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രമക്കേടുകൾ കണ്ടെത്തിയതോടെ ഒന്‍പത് ജീവനക്കാർക്കെതിരെ നടപടിയെടുത്തതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഇതിന് പിന്നാലെ ക്ഷേത്ര സംഭാവനയിൽ വർധനയുണ്ടായെന്നും ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ സദാ സർവാങ്കർ പറഞ്ഞു. ആഴ്ചയിൽ 50 ലക്ഷത്തോളം രൂപ ലഭിച്ചിരുന്നത് ഞൊടിയിടയിൽ 75 ലക്ഷം മുതൽ 95 ലക്ഷം രൂപ വരെയായി കുതിച്ചു. തിരക്കേറിയ സമയങ്ങളിൽ കലക്ഷൻ ഏകദേശം 1.5 കോടി രൂപയിലെത്തിയതായും റിപ്പോർട്ടുണ്ട്. ഇതിന് പുറമേ സംഭാവന പെട്ടിയിലിടുന്നതിന് പകരം പൂജാരിമാർക്ക് പണം നേരിട്ട് നൽകുന്നതായും ട്രസ്റ്റ് കണ്ടെത്തി.


Fashion ⏭️

Back to top button