NEWS
പൊലീസ് സംഘടനകളിൽ വൻമാറ്റം; എണ്ണം മൂന്നില്‍ നിന്നു രണ്ടായി, ഉത്തരവിറങ്ങി

തിരുവനന്തപുരം∙ പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണിയുമായി ആഭ്യന്തരവകുപ്പ്. എസ്‌ഐ മുതല്‍ എസ്പിമാര്‍ വരെയുള്ളവര്‍ ഇനി ഒരേ സംഘടനയില്‍ അംഗങ്ങളാകും. പൊലീസ് സംഘടനകളുടെ അംഗത്വ ഘടനയില്‍ മാറ്റം വരുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതോടെ നിലവിലുള്ള സംഘടനകളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടായി. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെപിഒഎ) ഇല്ലാതായി പകരം കേരള പൊലീസ് സീനിയര്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ഒഎ) രൂപീകരിക്കും. കേരള പൊലീസ് അസോസിയേഷന്‍, കേരള പൊലീസ് സീനിയര്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നീ 2 സംഘടനകളായിരിക്കും ഇനിയുണ്ടാവുക. സിവില്‍ പൊലീസ് ഓഫിസര്‍ (സിപിഒ) മുതല്‍ ഗ്രേഡ് എസ്‌ഐ വരെയുള്ളവര്‍ പൊലീസ് അസോസിയേഷനില്‍ അംഗങ്ങളാകും. എസ്‌ഐ മുതല്‍ എസ്പി (നോണ്‍ ഐപിഎസ്) വരെയുള്ളവര്‍ സീനിയര്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ ഭാഗമാകും. പുതിയ ഭാരവാഹികളെ സെപ്റ്റംബര്‍ 30നകം തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കും. രണ്ടു വര്‍ഷമായിരിക്കും കാലാവധി. തിരഞ്ഞെടുപ്പ് വരെയുള്ള ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ സംസ്ഥാന, ജില്ലാതല അഡ്‌ഹോക് കമ്മിറ്റികള്‍ രൂപീകരിക്കും.
Fashion ⏭️


