‘അമ്മയ്ക്ക് ക്യാൻസർ, ഭർത്താവ് ഡിവോഴ്സ് ചെയ്യാൻ പോകുകയാണ്’; പരാതി ഉയർന്നപ്പോൾ കാവ്യ പറഞ്ഞത്

കീർത്തന, കാവ്യ
കോഴിക്കോട്: വടകരയിൽ ലഹരിക്കച്ചവടത്തെത്തുടർന്ന് അറസ്റ്റിലായ അദ്ധ്യാപികമാരായ കാവ്യയുടെയും കീർത്തനയുടെയും പെരുമാറ്റത്തിൽ യാതൊരുവിധ സംശയവും തോന്നിയിട്ടില്ലെന്ന് സഹപ്രവർത്തകയായ മറ്റൊരു അദ്ധ്യാപിക. പിടിയിലായ രണ്ട് അദ്ധ്യാപകരും ഗ്രൂപ്പായിട്ടാണ് എപ്പോഴും നടക്കാറുള്ളത്. വിവാഹമോചിതരായ ഇരുവരും അതേപറ്റിയുള്ള വിഷയങ്ങൾ സംസാരിക്കാനാവും ഒരുമിച്ച് നടക്കുന്നതെന്നാണ് ഞങ്ങൾ കരുതിയത്. ഇവരെക്കുറിച്ച് ബിആർസിയിൽ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
‘കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതോടെ കാവ്യയ്ക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. അതിനുശേഷം അവരോട് വിശദീകരണം തേടിയിരുന്നു. അപ്പോൾ പറഞ്ഞത് അമ്മയ്ക്ക് ക്യാൻസറാണ്, ഭർത്താവ് ഡിവോഴ്സ് ചെയ്യാൻ പോകുകയാണ് എന്നൊക്കെയാണ്. അതുകൊണ്ടുള്ള പ്രയാസങ്ങളാണെന്നാണ് പറഞ്ഞത്. കീർത്തനയുമായി യാതൊരുവിധ ഇടപാടും ഇല്ലെന്നാണ് കാവ്യ നമ്മളോട് പറഞ്ഞത്. കീർത്തനയെ പിടികൂടിയതിന് ശേഷമാണ് കാവ്യയ്ക്കെതിരെ പരാതി ഉയർന്നത്’- അദ്ധ്യാപിക പറഞ്ഞു.
പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യുക്കേറ്റർമാരായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കൂരാച്ചുണ്ട് ചെറുക്കാട് കൊല്ലനാരി കെ.കാവ്യയും സുഹൃത്ത് മരുതോങ്കര സ്വദേശി കെ.സി.കീർത്തനയുമാണ് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് റിസ്വാൻ എന്നയാളെ എം.ഡി.എം.എയുമായി വടകര പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് അദ്ധ്യാപികമാരെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാൾ നടത്തുന്ന ലഹരിക്കച്ചവടത്തിന്റെ പണം ഈ അദ്ധ്യാപികമാരുടെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. കഴിഞ്ഞ 11ന് കീർത്തന അറസ്റ്റിലായി. കഴിഞ്ഞ ദിവസം കാവ്യയും.
ഇരുവരുടേയും ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നു. ഇവരുമായി ബന്ധമുള്ളവരുടെ ബാങ്ക് വിവരങ്ങളും മൊബൈൽ ഫോണുകളും പരിശോധിക്കും. ജില്ലാ ജയിലിൽ റിമാൻഡിലുള്ള ഇരുവരേയും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ച് ചോദ്യം ചെയ്യും. ജില്ലാ സർവശിക്ഷാ അഭിയാന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ (ബി.ആർ.സി) ചെറൂവാളൂർ ഗവ. എൽ.പി സ്കൂളിനോടു ചേർന്നുള്ള ഓട്ടിസം സ്കൂളിലാണ് കാവ്യ പഠിപ്പിച്ചിരുന്നത്. കീർത്തന മറ്റൊരു സ്കൂളിലും. ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു ഇവർക്ക് ജോലി. അദ്ധ്യാപനം മറയാക്കിയായിരുന്നു ഇരുവരുടേയും ലഹരിക്കച്ചവടം.
English Summary
Two contract teachers, K. Kavya and K.C. Keerthana, were arrested in Vadakara for alleged involvement in drug trafficking. Police traced illicit drug money from a previously apprehended dealer to their bank accounts. Colleagues expressed no prior suspicion, attributing their frequent meetings to personal matters. Authorities are currently scrutinizing their financial records and mobile phones, planning joint interrogations during custody.
RELATED TOPICS: VADAKARA DRUG CASE, KAVYA TEACHER, KEERTHANA TEACHER, VADAKARA TEACHERS ARREST, VADAKARA LAHARI CASE
Read News ⏭️


