NEWS

ചോദ്യപ്പേപ്പർ ചോർച്ച, പണം വാങ്ങി നിയമനം; പിഎസ്‌സി മുൻ ചെയർമാനെ ഇ.ഡി അറസ്റ്റ് ചെയ്തു


റായ്പുർ ∙ പിഎസ്‌സി ചോദ്യപ്പേപ്പർ ചോർച്ച കേസിൽ ഛത്തീസ്ഗഡ് പിഎസ്‌സി മുൻ ചെയർമാൻ തമൻ സിങ്ങിനെ ഇ.ഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റത്തിനാണ് ഇ.ഡി പിഎസ്‌സി മുൻ ചെയർമാനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. 2020 ലും 2021 ലും ഛത്തീസ്ഗഡ് പിഎസ്‌സി പരീക്ഷകളിൽ ഉണ്ടായ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ ഇ.ഡി തമൻ സിങ്ങിനെ ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച ചോദ്യം ചെയ്യലിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത തമൻ സിങ്ങിനെ റായ്പുരിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി.പിഎസ്‌സി ചോദ്യപ്പേപ്പർ ചോർച്ചയെ കുറിച്ചുള്ള സിബിഐ അന്വേഷണത്തിൽ നിന്നാണ് കള്ളപ്പണം വെളുപ്പിച്ചതിനെ കുറിച്ചുള്ള വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചത്. തുടർന്ന് ഇ.ഡി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2023ൽ ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വന്നതിനു ശേഷമാണ് പിഎസ്‌സി ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ടത്. കേസിൽ തമൻ സിങ്ങിനെ 2024 ൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.


Fashion ⏭️

Back to top button