NEWS

ദേശീയപാത ബൈപാസിന്റെ സംരക്ഷണ ഭിത്തി നട്ടും ബോൾട്ടും ഘടിപ്പിച്ച് ‘ഉറപ്പിച്ച’ നിലയിൽ; ചിലയിടത്ത് ടയർ കഷണങ്ങളും


വിഴിഞ്ഞം ∙ ബൈപാസിന്റെ പയറുമൂട് മുതൽ വേങ്ങപ്പൊറ്റ വരെ നീളുന്ന ഭാഗത്തെ സംരക്ഷണ ഭിത്തി നിറയെ നട്ടും ബോൾട്ടും ഘടിപ്പിച്ച് ‘ഉറപ്പിച്ച’ നിലയിൽ. മഴക്കാലത്ത് ഈ ഭിത്തികളുടെ ഇടയിലൂടെ ജലം വാർന്നു പലയിടത്തും തകർച്ച ഉണ്ടായതിനെ തുടർന്ന് അധികൃതരെ അറിയിച്ചപ്പോഴാണ് ഇത്തരത്തിലുള്ള നടപടിയെന്ന് നാട്ടുകാർ പറയുന്നു. കോൺക്രീറ്റ് നിർമിത വലിയ പാളികൾ അടുക്കിയുള്ള നിർമാണത്തിനിടയിൽ വിടവ് ഉള്ള ഭാഗങ്ങളിൽ ടയർ കഷണങ്ങൾ തിരുകിക്കയറ്റിയുള്ള താൽക്കാലിക പരിഹാരവും കാണാം. നിർമാണ ഘട്ടത്തിൽ തന്നെ അശാസ്ത്രീയമെന്നു ആക്ഷേപമുയർന്ന ഈ പാത നാട്ടുകാർക്ക് ഇപ്പോൾ സമ്മാനിക്കുന്നത് ഭീതിയാണ്. മുൻ വർഷങ്ങളിലെ മഴക്കാലത്ത് പാതയുടെ പല ഭാഗങ്ങളും തകർന്ന് കോൺക്രീറ്റ് പാളി സർവീസ് റോഡിലേക്ക് പതിച്ചു. ചെളിയും മഴവെള്ളവും സമീപ വീടുകളിൽ നിറഞ്ഞ സംഭവം നാട്ടുകാർ ഓർക്കുന്നു. തുടർന്ന് പലയിടങ്ങളിലായി വീണ്ടും ഇത്തരത്തിൽ ചെറിയ തകർച്ച ഉണ്ടായി. വിവരം അറിയിച്ചപ്പോൾ ദേശീയ പാത(എൻഎച്ച്എ) അധികൃതരെത്തി ഇത്തരത്തിൽ ഇരുമ്പ് ആണികൾ ഉറപ്പിച്ചു മടങ്ങുകയാണ് പതിവെന്നു നാട്ടുകാർ പറഞ്ഞു. ഇതു ശാശ്വതമായ പരിഹാരമല്ലെന്നും ഇവർ പരാതിപ്പെട്ടു. പലയിടത്തും പാതയ്ക്ക് 10 മുതൽ 15 വരെ മീറ്ററാണ് ഉയരം.


Fashion ⏭️

Back to top button