AUTO

‘പ്രിയപ്പെട്ട കള്ളാ… സൈക്കിൾ തിരിച്ചു കൊടുക്കൂ, കാത്തിരിക്കുന്നത് 5 ലക്ഷം രൂപയും ജോലിയും’


കഴിഞ്ഞ 70 വർഷമായി തന്റെ കൂടെയുള്ള സൈക്കിൾ തിരിച്ചു കിട്ടാൻ പ്രകാശൻ ചേട്ടനെ സഹായിക്കാൻ ബോബി ചെമ്മണ്ണൂരും രംഗത്തെത്തി. മലയാള മനോരമയിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈക്കിൾ തിരികെ നൽകുകയാണെങ്കിൽ 5 ലക്ഷം രൂപ പാരിതോഷികമാണ് ബോബി ചെമ്മണ്ണൂർ പ്രഖ്യാപിച്ചിരിക്കുന്നത്. പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ഇതുവരെ 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.‘പ്രിയപ്പെട്ട കള്ളാ…. സൈക്കിൾ തിരിച്ചു തരൂ, അതെന്റെ ജീവനാണ്’ഈ സങ്കടം കള്ളന്റെ കാതുകളിലെത്തിയാൽ, മോഷ്ടിച്ചുകൊണ്ടുപോയ സൈക്കിൾ തിരികെ തരുമെന്ന പ്രതീക്ഷയിലാണ് 80-കാരനായ പ്രകാശൻ ചേട്ടൻ. പോയത് വെറുമൊരു സൈക്കിളല്ല, 70 വർഷമായി കൂടെക്കൊണ്ടുനടക്കുന്ന വാഹനമാണ്; അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗം.മരിക്കുന്നതിനു മുൻപ് പിതാവ് പ്രകാശനോട് ആവശ്യപ്പെട്ടത് ഒന്നു മാത്രം: ‘സൈക്കിൾ നശിപ്പിക്കരുത്, ആർക്കും വിൽക്കരുത്.’ പ്രകാശൻ ആ വാക്കു പാലിച്ചു. പ്രകാശന്റെ സന്തതസഹചാരിയായിരുന്നു ഈ സൈക്കിൾ. കടയിൽ പോകുന്നതിനും അമ്പലദർശനത്തിനുമെല്ലാം കൂടെക്കൂട്ടിയ സുഹൃത്ത്. 70 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് സൈക്കിൾ യാത്രയ്ക്കിടയിൽ പ്രകാശന് അപകടമുണ്ടായത്. സൈക്കിളിനെയും കൂട്ടി പ്രകാശൻ മെട്രോ യാത്രയും നടത്തിയിട്ടുണ്ട്.പിതാവിന്റെ ചരമവാർഷികത്തിന്റെ തലേന്നാണ് സൈക്കിൾ മോഷണം പോയതെന്നുള്ളത് ദുഃഖം ഇരട്ടിയാക്കി. സൈക്കിൾ പേരക്കുട്ടിക്കു കൈമാറണമെന്ന ആഗ്രഹവും ബാക്കിയായി. സൈക്കിൾ മോഷണം പോയതിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി പരിശോധനയിൽ സൈക്കിൾ വട്ടേക്കുന്നം ഭാഗത്തേക്കാണ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയതെന്ന സൂചന ലഭിച്ചിട്ടുണ്ട്.


Sports ⏭️

Back to top button