NEWS
പാക്ക് സുരക്ഷ ചെക്ക് പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി; 15 പേർ കൊല്ലപ്പെട്ടു, 12 ഭീകരരെ വധിച്ചു

ഇസ്‌ലാമാബാദ് ∙ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സുരക്ഷാ ചെക്ക് പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി ഭീകരാക്രമണം. ആക്രമണത്തിൽ 12 സൈനികരും രണ്ട് പൊലീസുകാരും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനും ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തിനു പിന്നാലെ സുരക്ഷാ സേന നടത്തിയ തിരിച്ചടിയിൽ 12 ഭീകരരെ വധിച്ചതായി പാക്കിസ്ഥാൻ സൈന്യം അറിയിച്ചു. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലാണ് സംഭവം. ചെക്ക് പോസ്റ്റിന്റെ സുരക്ഷാ വലയം ഭേദിക്കാൻ കഴിയാതെ വന്നതോടെ ഭീകരർ സ്ഫോടകവസ്തുക്കൾ നിറഞ്ഞ വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ശക്തമായ സ്ഫോടനത്തിൽ ചെക്ക് പോസ്റ്റിന്റെ കെട്ടിടത്തിനു ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക താലിബാൻ സംഘടനയായ ടിടിപി ഏറ്റെടുത്തു.
Fashion ⏭️


