NEWS

‘പാവം  കുട്ടികളെ  അടിക്കുന്നുവെന്ന്  കണ്ടപ്പോൾ  തോന്നിയ  വികാരം; വിസ്‌മയയ്ക്ക് രാഷ്ട്രീയ അറിവില്ല’

വിസ്‌മയ മോഹൻലാൽ, മോഹൻലാൽ

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തെ പിന്തുണച്ച് മോഹൻലാലിന്റെ മകളും നടിയുമായ വിസ്‌മയ രംഗത്തെത്തിയതിൽ വിശദീകരണവുമായി മേജർ രവി. വിസ്‌മയയ്ക്ക് രാഷ്ട്രീയപരമായ യാതൊരു അറിവുമില്ല. ഡൽഹിയിൽ കുട്ടികളെ അടിക്കുന്നതുകണ്ടപ്പോൾ വിഷമം തോന്നി പോസ്റ്റിട്ടതാണെന്നും മേജർ രവി വ്യക്തമാക്കി.

‘ചിലർ എന്നെ വിളിച്ച് നിങ്ങളുടെ ഫ്രണ്ടിന്റെ മകളുടെ കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് ചോദിക്കുന്നുണ്ട്. മായ എന്ന പെൺകുട്ടിയെ അവൾ ജനിച്ച അന്നുതൊട്ട് അറിയാവുന്നതാണ്. അവൾക്ക് ഇത്തരം രാഷ്ട്രീയപരമായ യാതൊരു അറിവുമില്ല. വളരെ ഹ്യൂമൻ ആയിട്ടുള്ള മനസുള്ള കുട്ടിയാണ്. കുട്ടിക്കാലം തൊട്ടേ ഏതെങ്കിലും മൃഗത്തെയോ തെരുവ് നായയെയോ കണ്ടാൽ അതിനെ രക്ഷിക്കണമെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് പുറകെ നടക്കുന്നയാളാണ്. മൃഗസ്‌നേഹവും നന്മയുമുള്ള മനസാണ് ആ കുട്ടിയുടേത്. അങ്ങനെയുള്ള ഒരു കുട്ടി, ഡൽഹിയിൽ ഒരു ബ്ളോക്കിനകത്ത് കുട്ടികളെ അടിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി ഒരു പോസ്റ്റിട്ടു.

അത് പിടിച്ചുകൊണ്ട് അവൾ കോക്രോച്ച് പാർട്ടിക്ക് സപ്പോർട്ടാണ്, നിങ്ങളുടെ ആളല്ലേ എന്നൊക്കെ പറഞ്ഞ് വലിയ പ്രചാരണം നടത്തുകയാണ്. ഞാൻ അറിയുന്ന മായയ്ക്ക് ഇതിനകത്തുള്ള യാതൊരു രാഷ്ട്രീയ കളികളും അറിയില്ല. അവിടെ സമരം ചെയ്യുന്നത് നീറ്റിനുവേണ്ടിയല്ലെന്നോ അതിനുപിന്നിലെ ഫണ്ടിംഗിനെക്കുറിച്ചോ അവൾക്കറിയില്ല. പാവം കുട്ടികളെ അടിക്കുന്നുവെന്ന് കണ്ടപ്പോൾ തോന്നിയ വികാരം, അത്രയേയുള്ളൂ. അതിനെ ഇത്രയും വലിച്ചുനീട്ടേണ്ട ഒരു കാര്യവുമില്ല. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയാൽ അവൾക്കത് പെട്ടെന്ന് മനസിലാകും’- മേജർ രവി പറഞ്ഞു.

‘സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങൾ കരുതുന്നത്?’ എന്നായിരുന്നു വിസ്മയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. വിസ്മയയുടെ സ്റ്റോറി വൈറലായതോടെ വിദ്യാർത്ഥി പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന നിരവധിപേർ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ഇതിനെ എതിർക്കുകയാണ് ഉണ്ടായത്. നിരവധിപേർ മോഹൻലാലിനെയും മകളെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

English Summary

Filmmaker Major Ravi clarified Vismaya Mohanlal’s viral Instagram post supporting Delhi student protests against NEET irregularities. He stated Mohanlal’s daughter lacked political understanding, posting out of compassion after seeing students being beaten. Vismaya’s post, questioning government actions, sparked both praise and criticism online, with some users criticizing her father as well.

Read News ⏭️

Back to top button