HEALTH
‘ഫുട്‌ബോൾ കുഞ്ഞു’ങ്ങളുണ്ടാവുമോ? അടുത്ത വർഷം ഇതിന്റെ ഫലമറിയാമെന്ന് വിദഗ്ധർ

2014-ലെ ലോകകപ്പ് ഫുട്‌ബോൾ കാലത്ത് ഹ്യുണ്ടായ് ഒരു പുതിയ പരസ്യം പുറത്തിറക്കിയിരുന്നു. കൗതുകവും അദ്ഭുതവുമെല്ലാം നിറയ്ക്കുന്നൊരു പരസ്യം. കുറേ ഗർഭിണികളെ ഉൾപ്പെടുത്തിയായിരുന്നു ആ പരസ്യം ചിത്രീകരിച്ചത്. ഒരേസമയം നിരവധി ഗർഭിണികൾ പ്രസവവാർഡിലെത്തുന്നു. ഇതുകണ്ട് ജീവനക്കാർ അമ്പരന്നുനിൽക്കുകയാണ്. അതുകഴിഞ്ഞ് ആരാധകർ ആർപ്പുവിളിക്കുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ആവേശകരമായൊരു ഫുട്‌ബോൾ മത്സരത്തിലേക്കാണ് ദൃശ്യങ്ങൾ പോവുന്നത്. പരസ്യം അവസാനിക്കുന്നത് ഹ്യുണ്ടായ് സൊണാറ്റയുടെ ദൃശ്യത്തോടെയും.ഒരു വലിയ ഫുട്‌ബോൾ വിജയത്തെത്തുടർന്നുണ്ടാകുന്ന ആവേശകരമായ ആഘോഷങ്ങൾ, കൃത്യം ഒമ്പത് മാസങ്ങൾക്ക് ശേഷം നവജാതശിശുക്കളെക്കൊണ്ട് പ്രസവവാർഡുകൾ നിറയാൻ കാരണമാകുന്നു എന്ന് തമാശരൂപേണ സൂചിപ്പിക്കുന്നതാണ് ഈ പരസ്യം. കാലിഫോർണിയയിലെ ഒരു പരസ്യക്കമ്പനിയാണ് ഈ പരസ്യത്തിനുപിന്നിൽ.എന്താണ് ബേബി ബൂം? കുഞ്ഞുങ്ങളുടെ ജനനനിരക്കിലുണ്ടാവുന്ന വൻ വർധനവിനാണ് ബേബി ബൂം എന്നുപറയുന്നത്. സത്യത്തിൽ ഓരോ പ്രധാനകായികമത്സരങ്ങളും, പ്രത്യേകിച്ച് ലോകകപ്പ് ഫുട്‌ബോളും ബേബി ബൂമും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ചില കണക്കുകൾ സൂചിപ്പിക്കുന്നത് ഉണ്ടെന്ന് തന്നെയാണ്. 2006-ലെയും 2014-ലെയും ലോകകപ്പുകൾക്ക് ശേഷമാണ് ഈ നിഗമനങ്ങൾക്ക് കൂടുതൽ പ്രസക്തിയും പ്രാധാന്യവും ലഭിച്ചത്.2006-ൽ ജർമനിയിലാണ് ലോകകപ്പ് നടന്നത്. ആ സമയത്തും ബേബി ബൂമിനെക്കുറിച്ച് (ജനനനിരക്കിലെ കുതിച്ചുചാട്ടം) പ്രവചനങ്ങളുണ്ടായിരുന്നു. 2007 ആവുമ്പോഴേക്കും ഫുട്‌ബോൾ കുഞ്ഞുങ്ങൾ വരവറിയിക്കുമെന്ന് പല ഫാമിലി പോളിസി വിദഗ്ധരും പ്രവചിച്ചു. പറഞ്ഞതുപോലെ സംഭവിച്ചു.പ്രസവവാർഡുകളെല്ലാം പൂർണശേഷിയിലായിരുന്നു 2007-ൽ പ്രവർത്തിച്ചിരുന്നതെന്ന് പിന്നീട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗർഭകാല (മിലേിമമേഹ) ക്ലാസുകളും നിറഞ്ഞുകവിഞ്ഞിരുന്നുവത്രെ. ജർമനിയിലെ ഒരു ക്ലിനിക്കിൽ മാത്രം നടത്തിയ പഠനത്തിൽ 10 ശതമാനത്തോളം ജനനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ബെർലിനിൽ 2007 മാർച്ചിൽ ജനനങ്ങളുടെ എണ്ണം 2800 ആയി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിലധികം ജനനങ്ങളാണ് നടന്നത്.മത്സരങ്ങളും കണക്കുകളും അതുകൊണ്ടാവാം 2014-ൽ ബേബി ബൂം പരസ്യവുമായി ഹ്യുണ്ടായ് എത്തിയത്. 2014-ൽ ബ്രസീലിലാണ് ലോകകപ്പ് നടന്നത്. ഫൈനലിന് മുൻപുതന്നെ, സാക്‌സണിലെ ഒരു ഫാമിലി പോളിസി എക്‌സ്പർട്ട് ഒരു പ്രവചനം നടത്തി. ബേബി ബൂം (Baby Boom) ഉണ്ടാവാൻ പോകുന്നുവെന്ന്. ഒരു പത്രത്തിൽ ഇതിനെക്കുറിച്ച് അദ്ദേഹം എഴുതുകയും ചെയ്തു. അതിങ്ങനെയായിരുന്നു, ‘കളി ആവേശകരമായി പുരോഗമിക്കുമ്പോൾ, ടെലിവിഷന് മുന്നിൽ മാത്രമല്ല കിടപ്പുമുറിയിലും ആവേശം അലതല്ലുന്നു. ജർമനിയുടെ ഗോളുകൾ സാക്‌സണിൽ കുറേ കുഞ്ഞുങ്ങളുടെ വരവിനുകൂടി കാരണമാകും!’
Cinema ⏭️


