NEWS

‘വിവാഹ മോചനക്കേസിൽ ഭർത്താവിനെക്കുറിച്ച് തൊഴിൽദാതാവിന് എഴുതുന്നതെന്തിന്? ജീവനാംശത്തെയും ബാധിക്കും’


ന്യൂഡൽഹി∙ വിവാഹ മോചനക്കേസിൽ ഭർത്താവിന്റെ തൊഴിൽദാതാവിനെ വലിച്ചിഴയ്ക്കുന്നതിൽ സംശയമുന്നയിച്ച് സുപ്രീംകോടതി. ദാമ്പത്യത്തിലെ തർക്കങ്ങൾക്കിടെ ഭർത്താവിന്റെ തൊഴിൽദാതാവിന് ഭാര്യ കത്തയയ്ക്കുന്നതിലാണ് കോടതി ആശങ്കയറിയിച്ചത്. ഇത്തരം നീക്കങ്ങൾ ഭർത്താവിന്റെ ജോലി നഷ്ടപ്പെടുന്നതിലേക്കും അത് ജീവനാംശം ലഭിക്കുന്നതിനെയടക്കം ബാധിക്കുമെന്നും കോടതി പറഞ്ഞു. ജഡ്ജിമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരുടേതാണ് നിരീക്ഷണം. ഭർത്താവിന്റെ സുഹൃത്ത് തനിക്കെതിരെ ഫയൽ ചെയ്ത മാനനഷ്ടക്കേസിന്റെ വിചാരണ അസമിൽനിന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലേക്ക് മാറ്റുന്നതിനായി ഒരു യുവതി നൽകിയ ഹർജി കഴിഞ്ഞയാഴ്ച പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ഭർത്താവുമായുള്ള ഏതാനും കേസുകളുടെ വിചാരണ ഗാസിയാബാദിൽ നടക്കുന്നതിനാൽ മാനനഷ്ടക്കേസും അങ്ങോട്ടേക്ക് മാറ്റണമെന്നായിരുന്നു യുവതിയുടെ ആവശ്യം. വ്യോമസേനയിൽ ഉദ്യോഗസ്ഥനായ തന്റെ ഭർത്താവ് സർവീസ് ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ ബിസിനസ് നടത്തുന്നുവെന്ന് യുവതി ആരോപിക്കുകയും ഇക്കാര്യം വ്യോമസേന അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തോടാണ് ജസ്റ്റിസ് നാഗരത്നയുടെ പ്രതികരണം.


Fashion ⏭️

Back to top button