LIFESTYLE
അവിശ്വസനീയം! വീടുകളിൽ ഇങ്ങനെ ‘കുടുങ്ങി’ക്കിടക്കുന്നത് ലക്ഷം കോടി രൂപ! തർക്കങ്ങളും കേസുകളും വ്യാപകം

ഒരു പുതിയ നഗരത്തിലേക്ക് മാറുമ്പോഴോ അല്ലെങ്കിൽ താമസിക്കുന്ന വീട് മാറുമ്പോഴോ ഏതൊരു സാധാരണക്കാരനും നേരിടുന്ന ഒരു സാമ്പത്തിക പ്രതിസന്ധിയുണ്ട്. പ്രതിമാസ വാടകയേക്കാൾ വലിയൊരു ഭാരമായി ഇന്ന് വാടകക്കാരുടെ മുന്നിൽ നിൽക്കുന്നത് ‘സെക്യൂരിറ്റി ഡെപ്പോസിറ്റ്’ അഥവാ അഡ്വാൻസ് തുകയാണ്. ഐടി നഗരമായ ബെംഗളൂരുവിൽ ഈ പ്രതിസന്ധി അതിന്റെ പരകോടിയിൽ എത്തിനിൽക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.തർക്കങ്ങളൊന്നുമില്ലാതെ അടച്ച തുക മുഴുവനായി തിരികെ ലഭിക്കുന്നത് ബെംഗളൂരുവിലെ 35 ശതമാനം വാടകക്കാർക്ക് മാത്രമാണെന്ന് പ്രമുഖ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോമായ നോബ്രോക്കറിന്റെ ‘റെന്റ് റിപ്പോർട്ട് 2026’ ചൂണ്ടിക്കാണിക്കുന്നു. റെഡ്ഡിറ്റ്, എക്സ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നോക്കിയാൽ വീടൊഴിയുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ കിട്ടാതെ ഉടമസ്ഥരുമായി തർക്കത്തിലേർപ്പെടേണ്ടി വന്ന ഐടി ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സങ്കടക്കഥകൾ ധാരാളമായി കാണാം.വീടൊഴിയുമ്പോൾ പോക്കറ്റ് ചോരുന്ന വഴിഅടുത്തതായി വരുന്ന വാടകക്കാരന് വേണ്ടി വീട് പെയിന്റ് ചെയ്യുക, വീടിന്റെ സ്വാഭാവികമായ തേയ്മാനങ്ങൾക്ക് പണം ഈടാക്കുക, ഡീപ് ക്ലീനിങ്, ചെറിയ അറ്റകുറ്റപ്പണികൾ എന്നിവയുടെ പേരിൽ വൻ തുക കുറയ്ക്കുക എന്നിവയാണ് വീട്ടുടമസ്ഥർക്കെതിരെ ഉയരുന്ന പരാതികൾ. ഇതിനെല്ലാം പുറമെ, തുക തിരികെ നൽകാൻ മാസങ്ങളോളം വൈകിപ്പിക്കുന്ന രീതിയും വ്യാപകമാണ്.ഇന്ത്യയിലെ ആറ് വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിലായി ഏകദേശം 1.26 ലക്ഷം കോടി രൂപയാണ് വാടകക്കാരുടെ കൈവശത്തുനിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങി വീട്ടുടമസ്ഥർ മാറ്റിവച്ചിരിക്കുന്നത്. മുംബൈയിൽ 41,156 കോടി, ബെംഗളൂരുവിൽ 31,628 കോടി മറ്റ് 4 നഗരങ്ങളിൽ 1.26 ലക്ഷം കോടി രൂപ എന്നിങ്ങനെയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കുടുങ്ങി കിടക്കുന്നത്. ഇന്ത്യയിലെ പല പ്രമുഖ സംസ്ഥാനങ്ങളുടെയും വാർഷിക അടിസ്ഥാന സൗകര്യ വികസന ബജറ്റിനേക്കാൾ വലുതാണ് ഈ തുക എന്നത് ഇതിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. മ്യൂച്വൽ ഫണ്ടുകളിലോ, ഓഹരി വിപണിയിലോ അല്ലെങ്കിൽ മറ്റ് നിക്ഷേപങ്ങളിലോ എത്തിപ്പെടേണ്ട വലിയൊരു തുകയാണ് ഭൂവുടമകളുടെ കൈകളിൽ പലിശരഹിത നിക്ഷേപമായി ഉറങ്ങിക്കിടക്കുന്നത്. ഉയർന്ന വാടക നിരക്കുള്ള മുംബൈയാണ് ഈ പട്ടികയിൽ ഒന്നാമതെങ്കിൽ, ബെംഗളൂരുവിലെ വലിയ തുകയ്ക്ക് കാരണം വർഷങ്ങളായി അവിടെ തുടരുന്ന ഉയർന്ന മുൻകൂർ ഡെപ്പോസിറ്റ് വാങ്ങുന്ന രീതിയാണ്.
Cinema ⏭️


