NEWS
‘സുപ്രിയ സുളെയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം, മഹാരാഷ്ട്രയിൽ രണ്ട് മന്ത്രിമാർ’; ശരദ് പവാറിന്റെ നീക്കങ്ങൾ ദൂതന്മാർ വഴി ?

മുംബൈ ∙ ശരദ് പവാറിന്റെ പാർട്ടിയെ എൻസിപി അജിത് പക്ഷത്ത് ലയിപ്പിച്ച് എൻഡിഎയുടെ ഭാഗമാക്കണമെന്ന ബിജെപി നിർദേശത്തോട് അനുകൂലമായി പ്രതികരിക്കാതെ അജിത് വിഭാഗം ദേശീയ അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ. ലയനം വഴി ശരദ് പവാറിന്റെയും മകൾ സുപ്രിയ സുളെ എംപിയുടെയും കൈകളിലേക്ക് പാർട്ടിയുടെ നിയന്ത്രണം പോകുന്ന സാഹചര്യമുണ്ടാകുമെന്നും അതിനു താൽപര്യമില്ലെന്നുമാണ് സുനേത്രയുടെയും മകനും രാജ്യസഭാംഗവുമായ പാർഥ് പവാറിന്റെയും നിലപാട്.പാർട്ടി ദേശീയ അധ്യക്ഷ പദവിയിലും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തും തുടരാൻ തന്നെ അനുവദിച്ചാൽ ഐക്യനീക്കത്തോട് വിയോജിപ്പില്ലെന്നാണ് സുനേത്ര നൽകുന്ന സൂചന. ഒപ്പം, അവർ സംസ്ഥാന ധനമന്ത്രി സ്ഥാനവും മകൻ പാർഥ് കേന്ദ്രമന്ത്രി സ്ഥാനവും നോട്ടമിടുന്നതായാണ് വിവരം. എന്നാൽ, ഇത് ശരദ് പവാർ വിഭാഗം അംഗീകരിക്കാനിടയില്ല. പാർട്ടിയിൽ അർഹമായ പങ്കാളിത്തവും പ്രാധാന്യവും ലഭിച്ചാൽ മാത്രമേ ലയനത്തിന് അവരും സമ്മതം മൂളുകയുള്ളൂ. ലയനത്തിലൂടെ എൻഡിഎയുടെ കരുത്തുകൂട്ടാൻ ചരടുവലിക്കുന്ന ബിജെപിക്ക് ഇത് തലവേദനയാകും.
Fashion ⏭️


