SPORTS
ഗാരി, ഈ യാത്രയും ആസ്വദിക്കുക; സോബേഴ്സിന്റെ വിയോഗം 90–ാം പിറന്നാളിന് 10 ദിവസം മുൻപ്

എന്താണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്നു ചോദിച്ചവർക്കെല്ലാം ‘ആസ്വദിച്ചു ജീവിക്കുക’ എന്നായിരുന്നു സർ ഗാർഫീൽഡ് സോബേഴ്സ് നൽകിയ മറുപടി. ജീവിതത്തിലായാലും ക്രിക്കറ്റിലായാലും ആശങ്കകൾക്കു കീഴ്പ്പെടാതെ ആസ്വാദനത്തിനു മാത്രമായിരുന്നു സോബേഴ്സ് സ്ഥാനം നൽകിയത്. അതുകൊണ്ടുതന്നെ 90–ാം പിറന്നാൾ ആഘോഷിക്കാൻ പത്തു ദിവസം മാത്രം ശേഷിക്കെ ജീവിതത്തിലെ ‘അടുത്ത ഇന്നിങ്സിലേക്കു’ കടക്കേണ്ടി വന്നപ്പോഴും സോബേഴ്സ് ആസ്വദിച്ചു തന്നെയാകും യാത്രതിരിച്ചിരിക്കുക…ഫൈവ് ഇൻ വൺ ക്രിക്കറ്റർ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരേ മികവു പുലർത്തുന്ന താരങ്ങളെ ത്രീഡി പ്ലെയർ എന്ന് കളിയായും കാര്യമായും വിളിക്കുന്ന പതിവ് ക്രിക്കറ്റിലുണ്ട്. എന്നാൽ പതിറ്റാണ്ടുകൾക്കു മുൻപ് ഫൈവ് ഇൻ വൺ ക്രിക്കറ്റർ എന്നറിയപ്പെട്ട താരമാണ് സോബേഴ്സ്. ഓസ്ട്രേലിയൻ ഇതിഹാസം സർ ഡോൺ ബ്രാഡ്മാനാണ് സോബേഴ്സിനെ ആദ്യമായി ഇങ്ങനെ വിശേഷിപ്പിച്ചത്.ലോഡ്സ് ഡാൻസ് കരിയറിൽ, അവിശ്വസനീയ ഇന്നിങ്സുകൾ പലതുണ്ടെങ്കിലും സോബേഴ്സ് തന്റെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തിയിരുന്നത് 1973ൽ, ലോഡ്സിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലെ സെഞ്ചറിയാണ്. അന്ന് ഒന്നാം ദിനം അവസാനിക്കുമ്പോൾ 31 റൺസുമായി ബാറ്റ് ചെയ്യുകയായിരുന്നു സോബേഴ്സ്. അന്നത്തെ മത്സരം അവസാനിച്ചതിനു പിന്നാലെ സഹതാരമായ ക്ലൈവ് ലോയ്ഡിനൊപ്പം സോബേഴ്സ് സ്റ്റേഡിയത്തിനു സമീപത്തെ ബാറിലേക്കു പോയി. അവിടെ മദ്യപിച്ചും നൃത്തം ചെയ്തും ആഘോഷിച്ച ഇരുവരും തിരികെ ഹോട്ടലിൽ എത്തിയപ്പോൾ സമയം പുലർച്ചെ 4 മണി. 9 മണിക്ക് മത്സരം തുടങ്ങുമെന്നിരിക്കെ, ഇനി ഉറങ്ങിയാൽ തനിക്ക് എഴുന്നേൽക്കാൻ സാധിക്കില്ലെന്ന് സോബേഴ്സിന് ഉറപ്പായിരുന്നു. അതോടെ ഉറങ്ങാതിരിക്കാൻ അദ്ദേഹം തീരുമാനിച്ചു. പിറ്റേന്ന് ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ബോബ് വില്ലിസ് എറിഞ്ഞ ആദ്യ ഓവറിലെ 5 പന്തുകൾ താൻ കണ്ടില്ലെന്നും ആറാം പന്ത് ബാറ്റിൽ കൊണ്ടപ്പോഴാണ് തനിക്ക് ‘ബോധം’ തിരികെ ലഭിച്ചതെന്നും സോബേഴ്സ് പറഞ്ഞിട്ടുണ്ട്. പിന്നാലെ പേശിവലിവ് അനുഭവപ്പെട്ട സോബേഴ്സിന് ഡ്രസിങ് റൂമിലേക്കു മടങ്ങേണ്ടിവന്നു. എന്നാൽ തിരികെ ബാറ്റിങ്ങിനെത്തിയ അദ്ദേഹം പുറത്താകാതെ നേടിയത് 150 റൺസ്!
Auto ⏭️


