AUTO

പതിവ് തെറ്റിക്കില്ല, ഈ സ്വാതന്ത്ര്യ ദിനത്തിലും മഹീന്ദ്രയുടെ പുതിയ എസ്‍യുവി


സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ഓരോ ഇന്ത്യക്കാരനും മറക്കാനാവാത്ത ഓർമ്മ പുതുക്കല്‍ ദിവസമാണ്. വാഹന പ്രേമികള്‍ക്കിടയില്‍ ഓഗസ്റ്റ് 15ന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഇന്ത്യയുടെ അഭിമാനമായ വാഹന നിര്‍മാതാക്കളായ മഹീന്ദ്രക്ക് സ്വാതന്ത്ര്യദിനത്തില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്ന പതിവുണ്ട്. ഇത്തവണയും മഹീന്ദ്ര പുതിയ മോഡലുകളുമായെത്തുമെന്നാണ് പ്രതീക്ഷയെങ്കിലും പതിവു പോലെ ഏതു മോഡലായിരിക്കും വരികയെന്നതിനെക്കുറിച്ച് കമ്പനിയുടെ ഭാഗത്തു നിന്നും സൂചനകളൊന്നും ലഭിച്ചിട്ടില്ല. അടുത്തിടെയായി മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ ഫേസ് ലിഫ്റ്റ്, വിഷന്‍ എസ്, ബിഇ 07 എന്നീ മോഡലുകള്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ളത് സ്‌കോര്‍പിയോ എന്‍ ഫേസ്‌ലിഫ്റ്റിനാണ്. 2022ല്‍ വിപണിയിലെത്തിച്ച ഈ എസ്‌യുവിക്ക് മഹീന്ദ്ര പിന്നീട് ചെറിയ അപ്‌ഡേറ്റുകള്‍ മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത് എന്നതും ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. മുഖം മിനുക്കിയെത്തുമ്പോള്‍ സ്‌കോര്‍പിയോ എന്നിന്റെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുത്തന്‍ ഗ്രില്‍, റീ ഡിസൈന്‍ ചെയ്ത ബംപര്‍, പുതു ഹെഡ്‌ലാംപുകള്‍ എന്നിങ്ങനെ മുന്നില്‍ മാറ്റങ്ങളുണ്ടാവും. വശങ്ങളില്‍ അലോയ് വീലിന്റെ ഡിസൈനിലും മാറ്റങ്ങളുണ്ടാവും. ഇതിനൊപ്പം പിന്നിലും ചില മാറ്റങ്ങള്‍ മഹീന്ദ്ര വരുത്താനിടയുണ്ട്. ഉള്ളിലേക്കു വന്നാല്‍ പനോരമിക് സണ്‍റൂഫ്, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. മഹീന്ദ്ര വിഷന്‍ എസ് വിപണിയിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ് സൂചന. ഓഗസ്റ്റില്‍ തന്നെ ബിഇ 07 ഇലക്ട്രിക്ക് എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പ് മഹീന്ദ്ര അവതരിപ്പിക്കാന്‍ സൂചനയുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഓഗസ്റ്റ് 15ന് ഏതു മോഡലാണ് മഹീന്ദ്ര പുറത്തിറക്കുകയെന്നതു സംബന്ധിച്ച് ഇപ്പോഴും ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി കമ്പനി പുറത്തുവിടാനിടയുള്ള ടീസറുകളിലൂടെ മാത്രമേ വാഹനങ്ങളുടെ ലോഞ്ച് സംബന്ധിച്ച വ്യക്തമായ സൂചന ലഭിക്കുകയുള്ളൂ.


Sports ⏭️

Back to top button