NEWS

പേപ്പർ നോട്ടിന് വിട! പ്ലാസ്റ്റിക് കറൻസി ഇറക്കാൻ റിസർവ് ബാങ്ക്; തുടക്കം 10, 20 രൂപ നോട്ട്, എന്താണ് പ്രത്യേകത?


ന്യൂഡൽഹി∙ രാജ്യത്ത് പ്ലാസ്റ്റിക് (പോളിമർ) കറൻസി യാഥാർഥ്യമായേക്കും. നിലവിലുള്ള കടലാസ് നോട്ടുകൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന പോളിമർ നോട്ടുകൾ അവതരിപ്പിക്കും. പോളിമർ സബ്സ്ട്രേറ്റ് നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി, ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് (ബിആർബിഎൻഎംപിഎൽ) ആഗോള താൽപര്യപത്രം (ഇഒഐ) ക്ഷണിച്ചു. പ്ലാസ്റ്റിക് നോട്ടുകൾ യാഥാർഥ്യമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നത്. 10, 20 രൂപയുടെ നോട്ടുകളായിരിക്കും തുടക്കത്തിൽ പോളിമറിൽ പുറത്തിറക്കുകയെന്നാണ് സൂചന.കടലാസുനോട്ടുകൾക്കു പകരം പ്ലാസ്റ്റിക് (പോളിമർ) കറൻസി ഇറക്കുന്ന കാര്യം പരിഗണിനയിലുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര കഴിഞ്ഞമാസം പറഞ്ഞിരുന്നു. എന്നാൽ ഈ പ്രാഥമിക ഘട്ടത്തിലാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടലാസ് നോട്ടുകൾ വേഗം നശിച്ചാൽ, പകരം പുതിയത് പ്രിന്റ് ചെയ്യേണ്ടി വരും. പ്ലാസ്റ്റിക് നോട്ടുകൾ വഴി ഇതിനൊരു പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. കോട്ടൺ അധിഷ്ഠിതമായ പേപ്പർ ഉപയോഗിച്ചാണ് നിലവിൽ നോട്ടുകളുടെ അച്ചടി. ഇത്തരം നോട്ടുകൾ ശരാശരി 3-4 വർഷം കഴിയുമ്പോൾ മുഷിയും. പൊടി, വെള്ളം തുടങ്ങിയവ മൂലവും ആളുകൾ മടക്കിവയ്ക്കുന്നതിനാലും എളുപ്പത്തിൽ‌ മോശമാകാനുള്ള സാധ്യതയുമേറെ. എന്നാൽ, പോളിമർ നോട്ടുകൾക്ക് ഈ പ്രശ്നമില്ല. ദീർഘകാലം ഈടുംനിൽക്കും. പോളിമർ നോട്ടുകളും പഴ്സിലും പോക്കറ്റിലും മറ്റും മടക്കിവയ്ക്കാം. എളുപ്പത്തിൽ മുഷിയില്ല. കനവും കുറവാണ്.


Fashion ⏭️

Back to top button