നിതിൻ രാജിന്റെ ആത്മഹത്യ; ഡോക്ടർ റാമിനെ ഇനിയും കണ്ടെത്താനാകാതെ അന്വേഷണ സംഘം

ഡോ. റാം, നിതിൻ രാജ്
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന ഡോക്ടർ എം കെ റാമിനെ കണ്ടെത്താന്‍ കഴിയാതെ അന്വേഷണ സംഘം. റാമിനായി ബംഗളൂരുവിലും ആന്ധ്രാപ്രദേശിലെ ചിറ്റൂരിലും അന്വേഷണം തുടരുകയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
റാമിന്റെ ബന്ധുക്കള്‍ താമസിക്കുന്ന ബംഗളൂരുവിലെ ഫ്ലാറ്റിലുള്‍പ്പെടെ അന്വേഷണ സംഘം എത്തിയെങ്കിലും ഫലമുണ്ടായില്ല. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് അന്വേഷണം സംഘം റാമിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി റാമിനെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികളോട് അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. സഹപാഠികൾക്ക് മുന്നിൽവച്ച് ഇത്തരത്തിൽ അപമാനിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.
സംഭവം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും കോടതി പറഞ്ഞിരുന്നു. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന അദ്ധ്യാപകർ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസിലാക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നുമായിരുന്നു റാമിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. ഡോ. റാം മൂന്ന് മാസമായി ഒളിവിലാണ്.
ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ രാജ് നേരത്തേ വീട്ടുകാരെ അറിയിച്ചിരുന്നു.
English Summary
The Crime Branch has not yet traced Dr. M.K. Ram, the key accused in the Nithin Raj suicide case, despite searches in Bengaluru and Chittoor. The probe was intensified after the Supreme Court rejected his anticipatory bail, while the High Court criticized the delay in his arrest.
RELATED TOPICS: DOCTOR RAM MISSING, NITHIN RAJ CASE, INVESTIGATION TEAM, NITHIN RAJ DOCTOR RAM, NITHINRAJ DEATH
Read News ⏭️


