NEWS

‘അൽപം സത്യസന്ധത കാണിക്കേണ്ടേ?; എട്ടുകാലി മമ്മൂഞ്ഞായിട്ട് മാറേണ്ടതുണ്ടോ?’: മുഖ്യമന്ത്രിയെ വിമർശിച്ച് രാജീവ്


കൊച്ചി ∙ കേരളത്തിൽ ടാറ്റാ ഗ്രൂപ്പ് കപ്പൽ നിർമാണ സംരംഭത്തിൽ 10,000 കോടി രൂപ നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ചുവെന്ന വാർത്തയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി മുൻ വ്യവസായ വകുപ്പു മന്ത്രി പി.രാജീവ്. മുഖ്യമന്ത്രി സതീശൻ കുറച്ചെങ്കിലും സത്യസന്ധത കാണിക്കണമെന്നും ടാറ്റ അവരുടെ ഇതുവരെയുള്ള ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രി നൽകിയിട്ടുള്ള പ്രസ്താവന തെറ്റാണ് എന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നും രാജീവ് കുറ്റപ്പെടുത്തി. ‘‘അല്‍പ്പം സത്യസന്ധത കാണിക്കേണ്ടേ? കഴിഞ്ഞ സർക്കാർ ഇങ്ങനെ തുടങ്ങിയിട്ടുണ്ട്, അത് ഞങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകും, ഞങ്ങളും അവരും നമ്മളും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോയി നമുക്ക് ഈ പദ്ധതി യാഥാർഥ്യമാക്കണം എന്നല്ലേ ഒരു മുഖ്യമന്ത്രി പറയേണ്ടത്? അതിനുപകരം എട്ടുകാലി മമ്മൂഞ്ഞായിട്ട് മാറേണ്ടതുണ്ടോ?’’ – രാജീവ് കൊച്ചിയിൽ പറഞ്ഞു.കപ്പൽ നിർമാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പ് 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രി സതീശന്റെ മുൻ പ്രസ്താവന ചർച്ചയായതിന് പിന്നാലെ സർക്കാർ വാർത്താക്കുറിപ്പിലൂടെ വ്യക്തത വരുത്തിയിരുന്നു. ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തേക്ക് ആകർഷിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയാണ് 10,000 കോടി രൂപയെന്നും, അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാർ ഒപ്പുവെച്ചിട്ടില്ലെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2025ലെ ‘ഇൻവെസ്റ്റ് കേരളാ ഗ്ലോബൽ സമ്മിറ്റിൽ’ മലബാർ സിമന്റ്സ് ലിമിറ്റഡും ടാറ്റ പ്രൊജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എൻജിനീയറിങ് ലിമിറ്റഡും ചേർന്ന് കപ്പൽ നിർമാണ യൂണിറ്റിനായുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നുവെന്നും വാർത്താക്കുറിപ്പിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.


Fashion ⏭️

Back to top button