NEWS

‘റീൽസ് സ്റ്റണ്ടുകൾ’ വേണ്ട, മൈലേജിനു കുട്ടികളെ ഉപയോഗിക്കരുത്, അഴിമതി കാണിച്ചാൽ പുറത്ത്; മന്ത്രിമാർ‌ക്ക് മുന്നറിയിപ്പുമായി വിജയ്


ചെന്നൈ ∙ സ്കൂളുകളിലും പൊതുസ്ഥാപനങ്ങളിലും ‘റീൽസ് സ്റ്റണ്ടുകൾ’ കാണിച്ച് ആളാകാൻ നോക്കേണ്ടെന്ന് മന്ത്രിമാർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിന്റെ കർശന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി തന്റെ സഹപ്രവർത്തകർക്ക് കടുത്ത ഭാഷയിൽ നിർദേശം നൽകിയത്. സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായ മൈലേജിനായി വിദ്യാലയങ്ങളെയും കുട്ടികളെയും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി എസ്. കീർത്തന സർക്കാർ സ്കൂളിൽ നടത്തിയ ‌ഔദ്യോഗിക സന്ദർശനത്തിനിടെ എടുത്ത റീൽസ് വലിയ വിവാദങ്ങൾക്ക് വഴിമാറിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.ഒരാഴ്ച മുമ്പ് സ്കൂൾ സന്ദർശിച്ച മന്ത്രി കീർത്തന, പെൺകുട്ടിയോട് ഇംഗ്ലീഷ് സംസാരിക്കാൻ ആവശ്യപ്പെടുകയും കുട്ടിയുടെ പിതാവിന്റെ ജോലിയെക്കുറിച്ച് ചോദിക്കുകയും ചെയ്തു. കുട്ടിക്ക് കൃത്യമായി മറുപടി നൽകാൻ സാധിക്കാതെ വന്നതോടെ, ഇംഗ്ലീഷ് പഠിപ്പിക്കുന്നതിലെ പോരായ്മകളെച്ചൊല്ലി മന്ത്രി അധ്യാപകരെ പരസ്യമായി ചോദ്യം ചെയ്തു. ഈ രംഗങ്ങളെല്ലാം കൃത്യമായി ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ റീൽസായി പങ്കുവയ്ക്കുകയായിരുന്നു. വിഡിയോ വലിയ തോതിലുള്ള ജനരോഷത്തിനു കാരണമായി. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നേരിട്ട് അതൃപ്തി രേഖപ്പെടുത്തിയത്. 


Fashion ⏭️

Back to top button