BUSINESS
ബാങ്ക് പറ്റിച്ചോ? 33 ലക്ഷം വരെ നഷ്ടപരിഹാരം നേടാം; ആര്‍ബിഐ സ്‌കീം അറിയാം

Reserve Bank of India CMS: ധനകാര്യ സ്ഥാപനങ്ങളുടെ പല തരത്തിലുള്ള വീഴ്ചകള്‍ കാരണം ദുരിതം അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. ന്യായമായി ലഭിക്കേണ്ട സേവനങ്ങള്‍ പലര്‍ക്കും നിഷേധിക്കപ്പെടുന്നു. തങ്ങള്‍ക്കെതിരേ ആരും വരില്ലെന്ന ചിലരുടെ തെറ്റായ ധാരണകളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. ബാങ്കുകളുടെ സേവന വീഴ്ചകള്‍ മൂലം നിങ്ങള്‍ക്ക് ബുദ്ധിമുട്ടോ, പണമോ നഷ്ടമായാല്‍ തുണയാകാന്‍ റിസര്‍വ് ബാങ്കിന് സാധിക്കും. റിസര്‍വ് ബാങ്ക് നിങ്ങള്‍ക്ക് നേരിട്ട് യാതൊരു സേവനവും നല്‍കുന്നില്ല. പക്ഷെ ആര്‍ബിഐ ബാങ്കുകളുടെ ബാങ്ക് എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും എല്ലാം റിസര്‍വ് ബാങ്കിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി ആര്‍ബിഐയുടെ ഒരു സൗജന്യ പരാതി പരിഹാര സംവിധാനം തന്നെയുണ്ട്. ഇതുവഴി ഉപയോക്താക്കള്‍ക്ക് 33 ലക്ഷം രൂപ വരെ നിയമപരമായി നേടിയെടുക്കാന്‍ സാധിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ‘ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീം (IOS)’ -നെ പറ്റി നിങ്ങള്‍ അറിയേണ്ട കാര്യമാണ് ഇനി പറയുന്നത്.എന്താണ് ആര്‍ബിഐ പദ്ധതി?ഇത് കേന്ദ്ര ബാങ്കിന്റെ ഒരു സൗജന്യ പരാതി പരിഹാര സംവിധാനമാണ്. ബാങ്കുകള്‍, എന്‍ബിഎഫ്‌സി, ഡിജിറ്റല്‍ വാലറ്റുകള്‍, ക്രെഡിറ്റ് വിവര കമ്പനികള്‍ എന്നിവയുടെ സേവനങ്ങളിലെ പോരായ്മകള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് ശബ്ദമുയര്‍ത്താനുള്ള നിയമപരമായ ഒരു സംവിധാനം. ബാങ്കിന്റെ വീഴ്ച മൂലം ഉപഭോക്താവിന് നേരിട്ട യഥാര്‍ത്ഥ സാമ്പത്തിക നഷ്ടത്തിന് 30 ലക്ഷം രൂപ വരെയും, ഇതുമൂലമുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍, സമയനഷ്ടം എന്നിവയ്ക്ക് പരമാവധി 3 ലക്ഷം രൂപ വരെയും നഷ്ടപരിഹാരം വിധിക്കാന്‍ ഈ ഓംബുഡ്സ്മാന് അധികാരമുണ്ട്.സാധാരണക്കാര്‍ക്ക് നേട്ടമാകുന്നത് എങ്ങനെ? പൂര്‍ണ്ണമായും സൗജന്യമാണ്: ബാങ്കുകള്‍ക്കെതിരെ പരാതി നല്‍കാന്‍ സാധാരണക്കാര്‍ക്ക് യാതൊരുവിധ ഫീസോ, മറ്റ് ചെലവുകളോ ഇല്ല. വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം: എ.ടി.എം, ഡെബിറ്റ് കാര്‍ഡ് തകരാറുകള്‍, ക്രെഡിറ്റ് കാര്‍ഡിലെ അനാവശ്യ ചാര്‍ജുകള്‍, ഓണ്‍ലൈന്‍- മൊബൈല്‍ ബാങ്കിങ് തട്ടിപ്പുകള്‍, ലോണ്‍ അനുവദിക്കുന്നതിലെ അനാവശ്യ കാലതാമസം തുടങ്ങി ബാങ്ക് സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തരം വീഴ്ചയ്ക്കും ഇതിലൂടെ പരിഹാരം ലഭിക്കും. കോടതികളില്‍ പോകേണ്ടതില്ല: പലരും പല കാര്യങ്ങളും സഹിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ പോകാനുള്ള ബുദ്ധിമുട്ടും, കഠിനമായ നിയമ നടപടികളും, കാര്യങ്ങള്‍ നടക്കണമെന്നുമുള്ളതു കൊണ്ടാണ്. എന്നാല്‍ ഈ ആര്‍ബിഐ സ്‌കീം വക്കീലിനെ വെക്കുകയോ, കോടതികളില്‍ കയറിയിറങ്ങുകയോ ചെയ്യാതെ തന്നെ സാധാരണക്കാര്‍ക്ക് തങ്ങളുടെ തര്‍ക്കങ്ങള്‍ വേഗത്തിലും, സുതാര്യമായും പരിഹരിക്കാന്‍ വഴിയൊരുക്കുന്നു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?ഇതൊരു സമ്മന പദ്ധതിയല്ലെന്ന് നിങ്ങള്‍ ആദ്യം തന്നെ മനസിലാക്കേണ്ടതുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി ആര്‍ബിഐ എല്ലാവര്‍ക്കും 33 ലക്ഷം രൂപ വീതം നല്‍കുന്നില്ല. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് മൂലം നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ വലിയ നഷ്ടം സംഭവിച്ചാല്‍ മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. നഷ്ടത്തിന്റെ വ്യാപ്തി അനുസരിച്ചായിരിക്കും തുക തീരുമാനിക്കുക. ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനായാണ് ഇത്തരമൊരു പദ്ധതി.ബാങ്കുകളില്‍ നിന്നോ, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഒരു പ്രശ്‌നമുണ്ടായാല്‍ ഉടനെ ആര്‍ബിഐയെ സമീപിക്കാന്‍ കഴിയില്ല. ആദ്യം ബന്ധപ്പെട്ട ബാങ്കിലോ, ധനകാര്യ സ്ഥാപനത്തിലോ തന്നെ രേഖാമൂലം പരാതി നല്‍കണം. ബാങ്കില്‍ പരാതി നല്‍കി 30 ദിവസത്തിനകം മറുപടി ലഭിക്കാത്ത പക്ഷം, അല്ലെങ്കില്‍ ബാങ്ക് നല്‍കിയ മറുപടിയില്‍ തൃപ്തിയില്ലെങ്കില്‍ ആര്‍ബിഐ ഓംബുഡ്സ്മാനെ സമീപിക്കാം.ബാങ്കില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ്, പരാതി നല്‍കിയ തീയതി വ്യക്തമാക്കുന്ന രസീത്, അക്‌നോളജ്‌മെന്റ് നമ്പര്‍, ബാങ്കില്‍ നിന്നുള്ള മറുപടി കത്ത്, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ തുടങ്ങിയ തെളിവുകള്‍ ഓംബുഡ്സ്മാന് പരാതിക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. പരാതികള്‍ ആര്‍ബിഐയുടെ ഔദ്യോഗിക പോര്‍ട്ടല്‍ (https://cms.rbi.org.in) വഴിയോ, crpc@rbi.org.in എന്ന ഇമെയില്‍ വഴിയോ മാത്രമേ നല്‍കാവൂ.
Read News


