BUSINESS
222 കോടിയുടെ വരുമാനം, സർവകാല നേട്ടം; കേരള സർക്കാർ കമ്പനി ഇനി തുള്ളിമരുന്ന് നിർമാണ രംഗത്തേക്കും

തൃശൂർ ∙ സംസ്ഥാന സർക്കാരിന്റെ ഔഷധ നിർമാണ, വിതരണ സ്ഥാപനമായ ഔഷധി തുള്ളിമരുന്ന് നിർമാണരംഗത്തേക്കു ചുവടുവയ്ക്കുന്നു. ഇതിനായി നിർമിച്ച ‘അർക്ക പ്ലാന്റ്’ അടുത്തമാസത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് ഔഷധി എംഡി ഡോ. ടി.കെ.ഹൃതീക് അറിയിച്ചു. ‘അർക്ക പ്രകാശം’ എന്ന ആയുർവേദ ഗ്രന്ഥത്തിൽ നിന്നുൾക്കൊണ്ട രീതിയിൽ കണ്ണ്, മൂക്ക്, ചെവി എന്നിവയിലെ അസ്വസ്ഥതകൾ നീക്കാനായി ഉപയോഗിക്കാവുന്ന തുള്ളിമരുന്നുകളാണ് പ്ലാന്റിൽ ഉൽപാദിപ്പിക്കുക.പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. അടുത്ത മാസം തന്നെ പ്രവർത്തനമാരംഭിക്കും.ആദ്യഘട്ടത്തിൽ ചെറിയ രീതിയിലാകും പ്ലാന്റിന്റെ പ്രവർത്തനം. തുള്ളിമരുന്നുകളുടെ കാലാവധി കുറവായതിനാലാണ് വിപുലമായി ആരംഭിക്കാത്തത്. തുടർന്ന് ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തനം വിപുലീകരിക്കാനാണ് തീരുമാനം.ഏതാനും വർഷങ്ങളായി ആയുർവേദ മരുന്ന് നിർമാണത്തിൽ വലിയ രീതിയിലുള്ള ആധുനികവൽക്കരണത്തിനാണ് ഔഷധി സാക്ഷ്യം വഹിച്ചത്. അസംസ്കൃത വസ്തുക്കളുടെയും മരുന്നുകളുടെയും ഗുണനിലവാരം പരിശോധിക്കാനായി ഐസിപി–എംഎസ്, എച്ച്പിടിഎൽസി സംവിധാനങ്ങൾ, അത്യാധുനിക രസ പ്ലാന്റ്, ഓട്ടമേറ്റഡ് പാനുകളുള്ള പ്രധാന പ്ലാന്റ്, എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 450 ഔഷധ സസ്യങ്ങളടങ്ങിയ തോട്ടവും ഔഷധിയുടെ ഭാഗമാണ്. പ്രതിവർഷം 22 ലക്ഷം ലീറ്റർ അരിഷ്ടം ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. പ്രതിദിനം 3 ലക്ഷം ഗുളികകൾ ഉൽപാദിപ്പിക്കുന്നു. കഷായം, തൈലം, കുഴമ്പ്, ലേഹ്യങ്ങൾ ഉൾപ്പെടെ പ്രതിമാസം 17 കോടിയുടെ മറ്റു മരുന്നുകളും ഔഷധിയുടെ വിവിധ പ്ലാന്റുകളിൽ നിർമിക്കുന്നുണ്ട്. മുൻ വർഷത്തെ വിറ്റുവരവിൽ 222 കോടിയുടെ സർവകാല നേട്ടമാണ് കൈവരിച്ചതെന്ന് ഡോ. ടി.കെ.ഹൃതീക് പറഞ്ഞു. 2021ൽ ഇത് 153 കോടി മാത്രമായിരുന്നു. ഔഷധി പഞ്ചകർമ ആശുപത്രിയും മുൻവർഷം 4.33 കോടി വിറ്റുവരവോടെ റെക്കോർഡ് നേട്ടം കൈവരിച്ചു. അക്കാദമിക് ആയുർവേദ കോഴ്സുകൾ തുടങ്ങാനുള്ള അനുമതിയും ലഭിച്ചു. തെറപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിങ് എന്നീ കോഴ്സുകൾ അടുത്ത അധ്യയന വർഷത്തോടെ ആരംഭിക്കുമെന്ന് എംഡി അറിയിച്ചു.
Travel ⏭️


