NEWS

വൈദ്യുതി ഉപഭോഗം കൂടി; ഉൽപാദനം കുറഞ്ഞു: പ്രതിസന്ധി രൂക്ഷമെന്ന് കെഎസ്ഇബി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


തിരുവനന്തപുരം∙ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തില്‍ 700 മുതൽ 1000 മെഗാവാട്ടിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അതേസമയം ഇടുക്കി ഉള്‍പ്പെടെ ജലവൈദ്യുത പദ്ധതികളില്‍നിന്നുള്ള ഉല്‍പാദനം 45 ദശലക്ഷം യൂണിറ്റില്‍നിന്ന് 14-17 ദശലക്ഷം യൂണിറ്റായി കുറഞ്ഞുവെന്നും കെഎസ്ഇബി ചെയര്‍മാന്‍ എം.ജി.രാജമാണിക്യം.  2025 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അണക്കെട്ടുകളിലെ ജലനിരപ്പ് 60 ശതമാനത്തില്‍നിന്ന് 28 ശതമാനമായി കുറഞ്ഞുവെന്നും എം.ജി.രാജമാണിക്യം പറഞ്ഞു. എല്‍ നിനോ പ്രതിഭാസം കാലവര്‍ഷത്തെ ദുര്‍ബലപ്പെടുത്തുകയും അതുമൂലം അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെയധികം താഴ്ന്ന നിലയിലേക്ക് എത്തിച്ചേരുകയും ചെയ്തതോടെയാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2026 ജൂലൈ 14ലെ കണക്കനുസരിച്ച് അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് 28.8 ശതമാനം ആണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അത് 60 ശതമാനം ആയിരുന്നു. അതിനാല്‍ ജലവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്.എല്‍ നിനോ പ്രതിഭാസം തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ലഭ്യതയിലെ കുറവ് അതിജീവിക്കുന്നതിനും നിയന്ത്രണങ്ങളുടെ തോത് കുറയ്ക്കുന്നതിനുമായി ഉപഭോഗം ക്രമീകരിക്കുന്നത് അനിവാര്യമാണ്. ഇതിനായി ഉപഭോക്താക്കളുടെ പൂര്‍ണമായ സഹകരണവും സാമൂഹിക ഉത്തരവാദിത്തബോധവും ആവശ്യമാണെന്നും കെഎസ്ഇബി പറയുന്നു.


Fashion ⏭️

Back to top button