TRAVEL

ആരോഗ്യവും സൗന്ദര്യവും ഒരുപോലെ കാക്കുന്ന, ഒരായിരം ഗുണമുള്ള ഈന്തപ്പഴം


ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിലും പ്രധാന പങ്കുവഹിക്കുന്ന ഒരു സൂപ്പർ ഫുഡ് ആണ് ഈന്തപ്പഴം. ഇതിൽ പ്രകൃതിദത്തമായ മധുരവും ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫൈബർ, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ, ബി-വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ശരീരത്തിനും ചർമ്മത്തിനും മുടിക്കും നിരവധി ഗുണങ്ങൾ നൽകുന്നു. ഇത് ശരീരത്തിൽ വേഗത്തിൽ ഊർജം നിറയ്ക്കുകയും ചെയ്യും. ഫൈബർ കൂടുതലായതിനാൽ ദഹനം മെച്ചപ്പെടുത്തും. ഇരുമ്പ് അടങ്ങിയതിനാൽ ഹീമോഗ്ലോബിൻ നില മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായകരമാണ്. ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ധാതുക്കളും ഈന്തപ്പഴത്തിൽ നിന്ന് ലഭിക്കും. കൊളാജെൻ ഉത്പാദനത്തെ പിന്തുണച്ച്, പ്രായമാകുന്നത് വൈകിപ്പിക്കുന്നു. ധാതുക്കളും വിറ്റാമിനുകളും മുടിയെ ശക്തമാക്കുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. ഇത്രയും ഗുണങ്ങൾ ഉള്ള ഈന്തപ്പഴം ഇനി മുതൽ മിതമായ അളവിൽ നമ്മുടെ ദൈനംദിന ഭക്ഷണത്തിലും ഉൾപ്പെടുത്താം. ഡേറ്റ്‌സ് വീറ്റ് കേക്ക് ചേരുവകൾ: ഈന്തപ്പഴം – 200 ഗ്രാം ആട്ട – ഒരു കപ്പ് വാൾനട്ട് – 50 ഗ്രാം മുട്ട – രണ്ടെണ്ണം പാൽ – മുക്കാൽ കപ്പ് സൺഫ്‌ളവർ ഓയിൽ – അരക്കപ്പ് പഞ്ചസാര – അരക്കപ്പ് ബേക്കിങ് പൗഡർ – ഒരു ടീസ്പൂൺ ബേക്കിങ് സോഡ – അര ടീസ്പൂൺ വാനില എസ്സെൻസ് – അര ടീസ്പൂൺ ഉപ്പ് – കാൽ ടീസ്പൂൺ തയ്യാറാക്കുന്നവിധം: കുരു കളഞ്ഞ ഡേറ്റ്‌സ് കാൽ കപ്പ് പാലിൽ കുതിർത്തുവെക്കുക. ആട്ട, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ യോജിപ്പിച്ച് അരിച്ചുവെക്കുക. മിക്‌സി ജാറിൽ കുതിർത്തു വെച്ച ഡേറ്റ്‌സ് നന്നായി അരച്ചെടുത്ത് മാറ്റിവെക്കണം. അതേ ജാറിൽ മുട്ട പൊട്ടിച്ചൊഴിച്ച് മീഡിയം വേഗത്തിൽ അടിച്ചതിനുശേഷം അതിലേക്ക് പാൽ, സൺഫ്‌ളവർ ഓയിൽ, ഡേറ്റ്‌സ് അരച്ചത്, പഞ്ചസാര എന്നിവ ചേർത്ത് ബ്ലെൻഡ് ചെയ്‌തെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റി, ഇതിലേക്ക് നേരത്തെ അരിച്ചുവെച്ച ഡ്രൈ ചേരുവകൾ കുറേശ്ശെ ചേർത്ത് ഫോൾഡ് ചെയ്ത് യോജിപ്പിക്കുക. നന്നായി യോജിപ്പിച്ചതിനുശേഷം മയം പുരട്ടിയ കേക്ക് ടിന്നിലേക്ക് ഒഴിച്ച് മുകളിൽ ചതച്ചെടുത്ത വാൾനട്ട് തൂവുക. പത്ത് മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത അവനിൽ 180ഡിഗ്രിയിൽ ഇരുപത് മിനിറ്റും 160ഡിഗ്രിയിൽ പതിനഞ്ചു മിനിറ്റും ബേക്ക് ചെയ്യുക. ഡേറ്റ്‌സ് ഖീർ ചേരുവകൾ: ഈന്തപ്പഴം – 200 ഗ്രാം പാൽ – ഒരു ലിറ്റർ + ഒരു കപ്പ് ബസ്മതി അരി – അരക്കപ്പ് കാഷ്യുനട്ട്‌സ് – 25 ഗ്രാം ബദാം – 25 ഗ്രാം ഏലയ്ക്കാപ്പൊടി – കാൽ ടീസ്പൂൺ കുങ്കുമപ്പൂ – ഒരു നുള്ള് തയ്യാറാക്കുന്നവിധം: അരി കഴുകി വെള്ളത്തിൽ അര മണിക്കൂർ കുതിർത്തു വെച്ചതിനു ശേഷം വെള്ളം വാർത്തു കളഞ്ഞ്, മിക്‌സി ജാറിലിട്ട് ഒന്ന് ക്രഷ് ചെയ്‌തെടുക്കുക. ഒരു ലിറ്റർ പാൽ തിളപ്പിച്ച്, അരി ചേർത്ത് ഇടത്തരം തീയിൽ വെച്ച് വേവിക്കുക. ഈന്തപ്പഴം കുരു കളഞ്ഞ് ഒരു കപ്പ് പാലിൽ അര മണിക്കൂർ കുതിർത്തുവെക്കുക. അതിനുശേഷം മിക്‌സി ജാറിലിട്ട് നന്നായി അരച്ചെടുക്കുക. അരി വെന്തുടഞ്ഞു തുടങ്ങുമ്പോൾ ഈന്തപ്പഴം പേസ്റ്റ് ചേർത്ത് യോജിപ്പിക്കുക. ഏലയ്ക്ക പൊടിച്ചതും ചേർക്കാം. എല്ലാം യോജിച്ച് നന്നായി കുറുകി വരുമ്പോൾ കാഷ്യുനട്ട്, ബദാം എന്നിവ ക്രഷ് ചെയ്ത് ചേർത്ത്, കുങ്കുമപ്പൂവും തൂവി വാങ്ങാം. ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.


Sports ⏭️

Back to top button