NEWS
‘ഫയൽനീക്കം വേഗത്തിലാകാൻ ഡേറ്റാ ഡ്രിവൺ ഭരണം; ഹിന്ദു ഐക്യവേദി നേതാക്കൾ വന്നത് നിവേദനം നൽകാൻ’

തിരുവനന്തപുരം ∙ ഫയൽനീക്കം വേഗത്തിലാകാൻ ഡേറ്റാ ഡ്രിവൺ ഭരണത്തിലേക്കു നീങ്ങുകയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വിവിധ വകുപ്പുകളിലെ ഫയൽനീക്കം സംബന്ധിച്ച് അറിയാൻ പുതിയ സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം നടക്കുന്ന വിവിധ പദ്ധതികളുടെ തൽസ്ഥിതി അറിയാനുള്ള പ്രോജക്ട് മാപ്പിങ് സംവിധാനവും ഏർപ്പെടുത്തും. പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്തിനു നഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ സമർപ്പിച്ച റിപ്പോർട്ട് പൂർണമല്ലെന്നാണ് വിദഗ്ധ സമിതി അറിയിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികമായ സാധ്യത സംബന്ധിച്ചും പാരിസ്ഥിതികമായും ഒരു തരത്തിലുള്ള പഠനവും നടത്താത്തതിനാൽ ഈ രൂപത്തിൽ പദ്ധതി ഏറ്റെടുക്കാൻ കഴിയില്ല. ആദ്യഘട്ടത്തിൽ ഭൂതല നിർമാണവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ചരക്കു ഗതാഗത സാധ്യത, ബദൽ മാർഗങ്ങൾ, ഭൂമി ലഭ്യത തുടങ്ങിയ കാര്യങ്ങൾ പഠിക്കണമെന്നും അതിനു ശേഷം മാത്രമേ ഡിപിആർ തയാറാക്കാൻ പാടുള്ളുവെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത് മികച്ച സാമ്പത്തിക മോഡൽ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2027 ലെ പത്മപുരസ്കാരങ്ങൾക്കുള്ള നാമനിർദേശം കേന്ദ്രസർക്കാരിനു സമർപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാക്കൾ ആവശ്യപ്പെട്ടതു പ്രകാരമാണ് അവരെ കണ്ടത്. നിവേദനം നൽകാനാണ് അവർ വന്നത്. എല്ലാവരുടെയും മുഖ്യമന്ത്രിയാണ് ഞാൻ. ബിജെപി നേതാക്കൾ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുന്നുവെന്ന് മുഹമ്മദ് റിയാസാണ് ആരോപണം ഉയർത്തിയത്. പിണറായി വിജയൻ ചെയ്തതു പോലെ ഒളിച്ചല്ല ഞാൻ ചെയ്തത്. മറ്റൊരു കാറിൽ മാസ്കറ്റ് ഹോട്ടലിൽ പോയി രഹസ്യമായല്ല കണ്ടതെന്നാണു മറുപടി പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് തയാറാക്കുന്ന സമയത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഫോണിൽ വിളിച്ചിരുന്നു. തിരിച്ചുവിളിച്ച് ഫോണിൽ സംസാരിച്ച് കാണാമെന്നു പറയുകയും ചെയ്തു. അതിനിടയിലാണ് അദ്ദേഹത്തെ കാണാൻ അനുമതി കൊടുത്തില്ലെന്ന വാർത്ത വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Fashion ⏭️


