NEWS
എന്നെ അന്യഗ്രഹജീവികൾ പിന്തുടരുന്നു, ഇതാ തെളിവുകൾ; വിചിത്ര വാദവുമായി നടൻ െജയിംസ് ഫ്രാങ്കോ

അന്യഗ്രഹജീവികൾ തന്നെ പിന്തുടരുന്നുവെന്ന വിചിത്ര അവകാശവാദവുമായി ഹോളിവുഡ് താരം ജെയിംസ് ഫ്രാങ്കോ. തന്റെ പുതിയ ടിക്ടോക് അക്കൗണ്ടിലൂടെയാണ് താരം ഏലിയന്റെ ദൃശ്യങ്ങൾ എന്ന് അവകാശപ്പെടുന്ന വിഡിയോ പങ്കുവെച്ചത്. എന്നാൽ വിഡിയോ പുറത്തുവന്നതിന് പിന്നാലെ താരത്തിനെതിരെ കടുത്ത പരിഹാസവും ട്രോളുകളുമായി സോഷ്യൽ മീഡിയ സജീവമായിക്കഴിഞ്ഞു. ഫ്രാങ്കോയ്ക്ക് ശരിക്കും ഭ്രാന്ത് പിടിച്ചോ എന്നാണ് പലരും ഇപ്പോൾ ചോദിക്കുന്നത്.കഴിഞ്ഞ കുറച്ചു ആഴ്ചകളായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഫ്രാങ്കോ അന്യഗ്രഹജീവികളെക്കുറിച്ച് ചില വിചിത്രമായ സൂചനകൾ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ജൂലൈ 13-ന് വലിയൊരു സത്യം വെളിപ്പെടുത്തുമെന്നും താരം മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം താരം ഏലിയൻ വിഡിയോ പുറത്തുവിട്ടത്. വിഡിയോയുടെ തുടക്കത്തിൽ തനിക്ക് ചിലത് വെളിപ്പെടുത്താനുണ്ടെന്നും, തന്റെ വീട്ടിൽ നിന്ന് ചിലത് കണ്ടെത്തിയെന്നും താരം അവകാശപ്പെടുന്നുണ്ട്. ഇത് താൻ ആവശ്യപ്പെട്ട് വന്നതല്ലെന്നും തന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്നും ഫ്രാങ്കോ പറയുന്നു. പ്രശസ്ത ഹോളിവുഡ് ചിത്രമായ ‘127 അവേഴ്സ്’ എന്ന സിനിമയിലൂടെ ഓസ്കർ നാമനിർദ്ദേശം വരെ ലഭിച്ച മികച്ചൊരു നടനാണ് ജെയിംസ് ഫ്രാങ്കോ. അതുകൊണ്ടുതന്നെ ഇതൊരു സാധാരണ തട്ടിപ്പ് വിഡിയോ ആകാൻ വഴിയില്ലെന്നും, താരത്തിന്റെ റിലീസാകാൻ പോകുന്ന പുതിയ ചിത്രമായ ‘ലവ് മീറ്റ്സ് ഇൻ ദി സൺഷൈൻ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആയിരിക്കാം ഇതെന്നുമാണ് സിനിമാ ലോകത്തെ സംസാരം. മുൻപും ഇതുപോലെ തമാശകളും വ്യത്യസ്തമായ പെർഫോമൻസ് ആർട്ടുകളും ചെയ്ത് കാണികളെ അമ്പരപ്പിക്കുന്ന സ്വഭാവം ഫ്രാങ്കോയ്ക്ക് ഉണ്ടായിരുന്നു. ഏതായാലും ഹോളിവുഡ് താരത്തിന്റെ ഈ പുതിയ കണ്ടെത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Fashion ⏭️


