NEWS

‘പരാതികൾക്ക് പിന്നിൽ ഗൂഢാലോചന’; ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തിൽ ഹർജിയുമായി പൊലീസ് ഉദ്യോഗസ്ഥർ


കൊച്ചി ∙ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. മുൻ പൊന്നാനി സിഐ വിനോദ് വലിയാറ്റൂർ, മുൻ താനൂർ ഡിവൈഎസ്പി ബെന്നി വി.വി, മുൻ മലപ്പുറം എസ്പി സുജിത് ദാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും കെട്ടിച്ചമച്ചതാണെന്ന് ഉദ്യോഗസ്ഥർ ഹർജിയിൽ പറയുന്നു. 2022ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദ്, വലിയാറ്റൂരിനരികിൽ പരാതിയുമായി എത്തിയ വീട്ടമ്മയെ പിന്നീട് വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. പിന്നീട് 2024ൽ ഡിഐജിക്ക് നൽകിയ പരാതിയിൽ മുൻ എസ്പിയും ഡിവൈഎസ്പിയും തന്നെ പീഡിപ്പിച്ചു എന്ന് വീട്ടമ്മ പറയുന്നു. എസ്എച്ച്ഒ പീഡിപ്പിച്ചതിൽ പരാതിപ്പെടാന്‍ എത്തിയപ്പോഴായിരുന്നു ഇതെന്നായിരുന്നു വീട്ടമ്മ പറഞ്ഞത്. തുടർന്ന് ആദ്യം പൊന്നാനി മജിസ്ട്രേറ്റ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും കേസ് എത്തി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ വീട്ടമ്മ സുപ്രീം കോടതിയിൽ പോയെങ്കിലും കേസിൽ ഇടപെടാൻ വിസമ്മതിക്കുകയും മജിസ്ട്രേറ്റ് കോടതിയോട് തന്നെ വിഷയത്തിൽ തീർപ്പുണ്ടാക്കാനും സുപ്രീം കോടതി നിർദേശിച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചത്. 


Fashion ⏭️

Back to top button