NEWS
‘എന്നോട് സമരം അവസാനിപ്പിക്കാൻ പറയരുത്’, 8.5 കിലോ കുറഞ്ഞു; സോനം വാങ്ചുക്കിന്റെ ആരോഗ്യനില ഗുരുതരം

ന്യൂഡൽഹി: ∙ പരിസ്ഥിതി – വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. നിരാഹാര സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. സമരം ആരംഭിച്ചതിനു ശേഷം സോനം വാങ്‌ചുക്കിനു 8.5 കിലോഗ്രാം ഭാരം കുറഞ്ഞതായി അഭിജീത് ദീപ്‌കെ എക്സിൽ കുറിച്ചു. അദ്ദേഹത്തിന്റെ പേശീബലം ക്ഷയിക്കാൻ തുടങ്ങിയതായും കടുത്ത ശാരീരിക വേദന അനുഭവിക്കുന്നുണ്ടെന്നും അഭിജിത് ദീപ്കെ പറഞ്ഞു. നിലവിൽ രക്തസമ്മർദം 109/70 ആണ്. കഴിഞ്ഞ ദിവസം ഇത് 107/70 ആയിരുന്നു. ‘‘എന്നോട് സമരം അവസാനിപ്പിക്കാൻ പറയരുത്. എന്തുകൊണ്ടാണ് സർക്കാർ ഒരു ചർച്ചയ്ക്ക് പോലും തയ്യാറാകാത്തതെന്ന് അവരോട് ചോദിക്കൂ’’– താൻ സമരപ്പന്തലിൽ എത്തി നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചപ്പോൾ വാങ്‌ചുക്കിന്റെ പ്രതികരണം ഇങ്ങനെയായിരുന്നുവെന്നും അഭിജീത് ദീപ്കെ പറഞ്ഞു. ഇത് സർക്കാരിന്റെ ഈഗോയ്ക്കുള്ള വേദിയാക്കരുതെന്നും ഉത്തരവാദിത്തം കാണിക്കണമെന്നും ദിപ്‌കെ ആവശ്യപ്പെട്ടു.
Fashion ⏭️


