BUSINESS

ഇ10ലേക്ക് മാറാൻ നേപ്പാൾ, ബാക്കി വരുന്ന 700 കോടി ലീറ്റർ എഥനോൾ അയൽരാജ്യങ്ങൾക്ക് വിറ്റുകാശാക്കാൻ ഇന്ത്യയും


ഇ20 പെട്രോളിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. നിലവിൽ പെട്രോളിൽ കലർത്താൻ ആവശ്യമായതിനേക്കാൾ കൂടുതൽ എഥനോൾ ഇന്ത്യ ഉൽപാദിപ്പിക്കുന്നുണ്ട്. ബാക്കി വരുന്ന എഥനോൾ വിൽക്കാൻ കൂടുതൽ വിപണി കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പെട്രോളിൽ 10% എഥനോൾ കലർത്താൻ ആലോചിക്കുന്ന അയൽരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ കഴിയുമോയെന്നാണ് നിലവിൽ ആലോചിക്കുന്നത്. നേപ്പാൾ, ബംഗ്ലദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇ10 ഇന്ധനം അവതരിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. എന്നാൽ എഥനോൾ നിർമിക്കുന്നതിന് ആവശ്യമായ മതിയായ സൗകര്യം ഈ രാജ്യങ്ങൾക്കില്ല. ഇതോടെയാണ് ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താൻ കഴിയുമോയെന്ന കാര്യം എഥനോൾ നിർമാതാക്കൾ അന്വേഷിക്കുന്നത്. ഇന്ത്യയുടെ വാർഷിക എഥനോൾ ഉൽപാദനം നിലവിൽ 2000 കോടി ലീറ്റർ ആണെന്നാണ് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക കണക്ക്. 2013-14 സാമ്പത്തിക വർഷത്തിൽ വെറും 421 കോടി ലീറ്റർ ഉൽപാദിച്ചിടത്തു നിന്നാണ് വളർച്ച. ഇക്കൊല്ലം ഇതിൽ 400 കോടി ലീറ്ററിന്റെ വർധനയുണ്ടാകുമെന്നും വിവിധ സാമ്പത്തിക സ്ഥാപനങ്ങൾ പ്രവചിച്ചിട്ടുണ്ട്.1450 കോടി ലീറ്റർ എഥനോളാണ് ഇന്ത്യയ്ക്ക് തദ്ദേശീയമായി ഓരോ വർഷവും ആവശ്യമായി വരുന്നത്. ഇതിൽ 1100 കോടി ലീറ്റർ എഥനോൾ പെട്രോളിൽ കലർത്താനായി എണ്ണക്കമ്പനികൾ വാങ്ങും. മദ്യ – മരുന്നു കമ്പനികൾക്കും രാസപദാർത്ഥങ്ങൾ നിർമിക്കുന്നതിനുമായി 350 ലീറ്റർ കൂടി ആവശ്യമായി വരും. ബാക്കി വരുന്ന ഏകദേശം 700 കോടി ലീറ്റർ എഥനോൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. എഥനോൾ നിർമിക്കുന്ന ഫാക്ടറികൾ സ്ഥാപിത ശേഷിയുടെ 60 ശതമാനത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും കൂട്ടിവായിക്കേണ്ടതാണെന്നും വിദഗ്ധർ പറയുന്നു. ഇ10 നടപ്പിലാക്കാൻ നേപ്പാളുംഇന്ത്യയിൽ എഥനോൾ സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെ ഇ10 ഇന്ധനം അവതരിപ്പിക്കാൻ ഒരുങ്ങി അയൽരാജ്യമായ നേപ്പാൾ. രാജ്യത്ത് എഥനോളിന്റെ നിർമാണം, ഗുണനിലവാരം, സംഭരണം തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളുടെ കരടു രേഖ പുറത്തിറക്കി ബ്യൂറോ ഓഫ് സ്റ്റാൻ‍ഡേർസ്. എഥനോൾ ചേർത്ത പെട്രോൾ രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനു മുൻപ് സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കുന്നതിനാണ് നീക്കമെന്നും വിശദീകരണം. വിഷയത്തിൽ പൊതുജനങ്ങൾ, സാങ്കേതിക വിദഗ്ധർ, വ്യവസായികൾ എന്നിവരിൽ നിന്ന് അഭിപ്രായം തേടിയിരിക്കുകയാണ് നിലവിൽ നേപ്പാൾ സർക്കാർ. വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾക്ക് തകരാറുണ്ടാക്കുന്ന മെഥനോൾ, ടർപന്റൈൻ, കീറ്റോൺസ് തുടങ്ങിയ പദാർത്ഥങ്ങൾ എഥനോൾ ഉൽപാദന സമയത്ത് ഉപയോഗിച്ചിരിക്കാൻ പാടില്ലെന്ന് കരടു രേഖയിൽ പറയുന്നു. രാജ്യത്ത്‍ വിൽക്കുന്ന പെട്രോളിൽ 10% എഥനോൾ കലർത്താമെന്ന് അടുത്തിടെ നേപ്പാൾ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ആവശ്യമെങ്കിൽ ഈ അളവിൽ മാറ്റം വരുത്തുമെന്നും നേപ്പാൾ വ്യക്തമാക്കിയിരുന്നു.


Travel ⏭️

Back to top button