NEWS

‘ശ്രദ്ധയില്ലാതെ ആദ്യ ഉത്തരവ്, പുതിയത് മനസിരുത്തി പുറപ്പെടുവിച്ചത്’; ഹൈക്കോടതിയിൽ വീണ്ടും മാപ്പ് പറഞ്ഞ് കെ. ബിജു


കൊച്ചി ∙ കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ കോടതിയുടെ രൂക്ഷവിമർശനമേറ്റതിനു പിന്നാലെ ഹൈക്കോടതിയിൽ മാപ്പപേക്ഷ തിരുത്തി നൽകി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി. വേണ്ടത്ര ശ്രദ്ധയോ ആലോചനയോ വിവേചനബുദ്ധിയോ ഇല്ലാതെയാണ് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ ആ സർക്കാർ ഉത്തരവിൽ ഒരിക്കലും ഉൾപ്പെടുത്താൻ പാടില്ലാത്ത ചില നിരീക്ഷണങ്ങൾ കടന്നുകൂടാൻ ഇടയായെന്നും പുതിയ സത്യവാങ്മൂലത്തിൽ പറയുന്നു. പുതിയ ഉത്തരവ് വേണ്ടത്ര മനസിരുത്തിയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ആദ്യ ഉത്തരവിലെ അപകീര്‍ത്തികരമായ പ്രസ്താവനകൾക്ക് മാപ്പു പറയുന്നതായും സെക്രട്ടറി കെ.ബിജു വ്യക്തമാക്കി. നേരത്തെ കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നേരിട്ടു ഹാജരായി മാപ്പപേക്ഷ നൽകിയിരുന്നെങ്കിലും ശരിയായ രീതിയിലല്ല മാപ്പപേക്ഷ തയാറാക്കിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ.ബദറുദീൻ ഇത് സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് ഇന്നു വീണ്ടും മാപ്പപേക്ഷ നൽകിയിരിക്കുന്നത്. ആദ്യ ഉത്തരവിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ കോടതിലക്ഷ്യ സ്വഭാവമുള്ളതാണെന്നും കോടതിയുടെ അന്തസിനേയും അധികാരത്തേയും ബാധിക്കുന്നതാണെന്നും മനസിലാക്കിയപ്പോൾ ഉത്തരവ് പിൻവലിക്കുകയും ആക്ഷേപകരമായ ഭാഗങ്ങൾ ഒഴിവാക്കി പുതിയൊരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തെന്ന് പുതിയ സത്യവാങ്മൂലത്തിൽ പറയുന്നു. ആദ്യ ഉത്തരവ് റദ്ദാക്കിയതിനു ശേഷം ഈ വിഷയം ശ്രദ്ധയോടും കൃത്യമായ വിവേചനബുദ്ധിയോടും കൂടി പുനഃപരിശോധിച്ചുവെന്നും തുടർന്ന് നിയമപരവും വസ്തുതാപരവുമായി പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തതെന്നും ഇതിൽ പറയുന്നു. ഒന്നാം പ്രതിക്കും മൂന്നാം പ്രതിക്കും എതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വ്യക്തമായി കണ്ടെത്തുകയും അവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകുകയും ചെയ്തു. ശരിയായ ആലോചനയില്ലാതെ ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതിനും അതിലെ അപകീർത്തികരമായ പ്രസ്താവനകൾക്കും കോടതിയോട് മാപ്പപേക്ഷിക്കുന്നു എന്നാണ് പുതിയ സത്യവാങ്മൂലത്തിൽ പറയുന്നത്.  


Fashion ⏭️

Back to top button